Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. പി. കെ. മൈക്കിൾ തരകൻ
ഡോ. പി. കെ. മൈക്കിൾ തരകൻ

ഡോ. പി. കെ. മൈക്കിൾ തരകൻ

ലഘു ജീവചരിത്രം (Biography)

ഡോ. മൈക്കിൾ തരകൻ കിലയുടെ ഡയറക്റ്ററായി രണ്ടുവർഷമേ പ്രവർത്തിച്ചുള്ളൂ. 2000, 2001 വർഷങ്ങൾ കിലയുടെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകവർഷങ്ങൾ ആയിരുന്നു. ഇക്കാലത്താണ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടത്തിയിരുന്ന നാനാവിധ പരിശീലനപരിപാടികൾ ഔപചാരികമായി കിലയിൽ വ്യവസ്ഥാപിതമാക്കിയത്. 1997-ലെ കിലയ്ക്കു താങ്ങാവുന്നതിനപ്പുറം ആയിരുന്നു ജനകീയാസൂത്രണത്തിന്റെ ഭാഗമായി ആവിഷ്കരിക്കപ്പെട്ട കാമ്പയിൻ രൂപത്തിലുള്ള ആയിരങ്ങളും ലക്ഷങ്ങളും പങ്കെടുക്കുന്ന തുടർച്ചയായ വിദ്യാഭ്യാസപദ്ധതി. ലാറ്റിനമേരിക്കയിലെ പാർട്ടിസിപ്പേറ്ററി ബജറ്റിൽനിന്നു ജനകീയാസൂത്രണത്തെ വേർതിരിക്കുന്ന ഒരു ഘടകമാണ് വിശദമായ ഈ പരിശീലനം.

എന്നാൽ അനുഭവത്തിൽനിന്ന് ഒരു കാര്യം വ്യക്തമായി. വിപുലമായ പരിശീലനം തുടർന്നും നല്കേണ്ടിവരും. ജനപ്രതിനിധികൾ അഞ്ചുവർഷം കഴിയുമ്പോൾ മാറും, പുതിയ സന്നദ്ധപ്രവർത്തകർ രംഗപ്രവേശം ചെയ്യും. പുതിയ പരിപാടികൾ ആവിഷ്കരിക്കപ്പെടും. ഇതിനെല്ലാമായുള്ള തുടർപരിശീലനങ്ങൾ വ്യവസ്ഥാപിതം ആക്കേണ്ടതുണ്ട്. സെൻ കമ്മിറ്റിയുടെ പ്രധാന നിർദ്ദേശവും അതായിരുന്നു. കില അല്ലാതെ മറ്റൊരു സ്ഥാപനത്തെക്കുറിച്ച് ആലോചിക്കാൻപോലും കഴിയില്ല. ഇതിനു കിലയുടെ പ്രവർത്തനശൈലിയിലും രീതിയിലും ഒരു പൊളിച്ചെഴുത്തു വേണം. ഈ നിയോഗമാണ് മൈക്കിൾ തരകനു നല്കിയത്.

യഥാർത്ഥത്തിൽ സ്വിസ് ധനസഹായത്തോടുകൂടിയ ക്യാപ്ഡെക്ക് എന്ന പദ്ധതി ആവിഷ്കരിച്ചതിന്റെ ലക്ഷ്യം പരിശീലനമേഖലയിൽ അനിവാര്യമായ ഈ പരിവർത്തനം ശക്തിപ്പെടുത്തുക എന്നതായിരുന്നു. ഡോ. ജോയ് ഇളമണിനായിരുന്നു ക്യാപ്ഡെക്കിന്റെ നേതൃത്വം. ക്യാപ്ഡെക്കിന്റെ ധനസഹായത്തിൽ സിംഹപങ്കും ചെലവഴിച്ചത് കിലയുടെ കെട്ടിടസൗകര്യങ്ങളും പരിശീലനസൗകര്യങ്ങളും വിപുലപ്പെടുത്താനാണ്. സ്ഥിരമായ ഫാക്കൽറ്റിയുടെ അടിസ്ഥാനത്തിൽ മാത്രം വിപുലമായ പരിശീലനം സാദ്ധ്യമല്ല. സന്നദ്ധാടിസ്ഥാനത്തിലും അല്ലെങ്കിലും ഹോണറേറിയം വാങ്ങി പ്രവർത്തിക്കുന്ന ജനകീയാസൂത്രണത്തിലെ പരിണിതപ്രജ്ഞരായ പ്രവർത്തകരുടെ വലിയൊരു വലയം കൂടിയേതീരൂ. ഇങ്ങനെയാണ് കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി എന്ന ആശയം രൂപംകൊണ്ടത്. ഈ രണ്ടു വർഷംകൊണ്ടാണ് കിലയിലെ ക്വാർട്ടേഴ്സിന്റെ പണികൾ പൂർത്തിയായത്. ക്യാപ്ഡെക്കും കിലയും സമ്പൂർണ്ണസഹകരണത്തിലാണ് ഇക്കാലത്തു പ്രവർത്തിച്ചത്.

ഡോ. മൈക്കിൾ തരകന്റെ കീഴിലാണു കില ഒരു ഗവേഷണസ്ഥാപനമായി രൂപാന്തരപ്പെടാൻ തുടങ്ങിയത്. പരിശീലനം എന്നപോലെതന്നെ അധികാരവികേന്ദ്രീകരണം സംബന്ധിച്ച പഠനത്തിന്റെയും ഗവേഷണത്തിന്റെയും മികവിന്റെ കേന്ദ്രമായിരിക്കണം കില എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇതിനായി കൂടുതൽ ഫാക്കൽറ്റിവികസനം മാത്രമല്ല, മറ്റു ഗവേഷണസ്ഥാപനങ്ങളുടെ പണ്ഡിതരുമായി അടുത്തബന്ധം സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്തു. എന്നാൽ, കിലയെ ഒരു സർവ്വകലാശാല ആക്കണമെന്നുംമറ്റുമുള്ള ആശയങ്ങൾ പിന്നീടുവന്ന സർക്കാരിന്റെ കാലത്ത് ചിലർ മുന്നോട്ടുവയ്ക്കുകയുണ്ടായി. അത്തരത്തിലുള്ള ഒരു നീക്കം കിലയുടെ അടിസ്ഥാന ഉത്തരവാദിത്വത്തിൽനിന്നുളള വ്യതിചലനമായിരിക്കും എന്നായിരുന്നു ഞങ്ങളെപ്പോലുള്ളവരുടെ നിലപാട്.

മൈക്കിൾ തരകനെ സമ്മർദ്ദം ചെലുത്തിയാണ് കിലയുടെ ഡയറക്റ്ററാക്കിയത്. സർക്കാർ മാറിയപ്പോൾ അദ്ദേഹംതന്നെ തുടരട്ടെ എന്ന നിലപാടാണ് എ. കെ. ആന്റണി ആദ്യം എടുത്തത്. എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് അദ്ദേഹത്തിനു വഴങ്ങേണ്ടിവന്നു എന്നാണു മനസ്സിലാക്കുന്നത്. കിലയിൽനിന്നു തിരിച്ചു സിഡിഎസിലേക്കു പോയ മൈക്കിൾ തരകൻ ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ചിൽ (ISEC) രാമകൃഷ്ണ ഹെഡ്ഗേ ചെയറിൽ പ്രൊഫസറായി. ഈ സ്ഥാനത്ത് ഇരുന്ന് അദ്ദേഹം ചെയ്ത ഒരു പ്രധാനപ്രവർത്തനം ക്യാപ്ഡെക്കിന്റെ പ്രവർത്തനങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ടുള്ള അവലോകന റിപ്പോർട്ട് തയ്യാറാക്കിയതാണ്. ഇതൊരു ഗ്രന്ഥമായി സ്വിസ് ഡെവലപ്മെന്റ് ഏജൻസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ആധുനികകേരളചരിത്രകാര്യത്തിൽ ഏറ്റവും പ്രാമാണികനായ ചരിത്രകാരനാണ് ഡോ. പി. കെ. മൈക്കിൾ തരകൻ. 19-ാം നൂറ്റാണ്ടുമുതലുളള കേരളചരിത്രപരിണാമമാണ് അദ്ദേഹത്തിന്റെ ഗവേഷണവിഷയം. കാർഷികബന്ധങ്ങളിൽ ഊന്നിക്കൊണ്ട് ജാതി-വർഗ്ഗ ഇടർച്ചയും തുടർച്ചയും കേരളത്തിന്റെ സമൂഹിക, സാമ്പത്തിക വളർച്ചയിൽ ചെലുത്തിയ സ്വാധീനമാണ് അദ്ദേഹം പഠിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസവളർച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളാണ് ഏറ്റവും വലിയ സംഭാവന.

മൈക്കിളും ഞാനും അക്കാദമിക്‌ തലത്തിൽ ഒട്ടേറെ സഹകരിച്ചിട്ടുണ്ട്. ശ്രീനാരായണപ്രസ്ഥാനത്തെക്കുറിച്ചും കേരളത്തിന്റെ വ്യവസായപിന്നാക്കാവസ്ഥയെക്കുറിച്ചും ഒന്നാം കേരളപഠനകോൺഗ്രസിനെക്കുറിച്ചും പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒട്ടേറെ പ്രബന്ധങ്ങളിൽ ശ്രദ്ധേയമായ ഒന്നായിരുന്നു ജനകീയാസൂത്രണത്തിന്റെ ഗാന്ധിയൻ സ്വാധീനതകളെക്കുറിച്ച് 1999-ൽ സോഷ്യൽ സയന്റിസ്റ്റ് മാസികയിൽ പ്രസിദ്ധീകരിച്ച പ്രബന്ധം. രാമകൃഷ്ണ ഹെഡ്ഗേ ചെയറിൽനിന്ന് അദ്ദേഹം 2008-ൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി.

മൈക്കിൾ എല്ലാക്കാലത്തും സോഷ്യൽ ആക്ടിവിസ്റ്റുകൂടി ആയിരുന്നു. എന്റെ പ്രീ-ഡിഗ്രി പഠനകാലത്ത് ഐക്കഫിന്റെ അഖിലേന്ത്യാ പ്രസിഡന്റ് എന്ന നിലയിലാണ് 1970-ൽ ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ക്രിസ്ത്യൻ ലിബറേഷൻ തിയോളജിയുടെ അറിയപ്പെടുന്ന ഒരു പ്രയോക്താവായിരുന്നു മൈക്കിൾ. അവിടംമുതൽ ഇങ്ങോട്ട് ഒട്ടേറെ കർമ്മപഥങ്ങളിൽ സഹകരിച്ചിട്ടുണ്ട്.