Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ. എം. കുഞ്ഞാമൻ
പ്രൊഫ. എം. കുഞ്ഞാമൻ

പ്രൊഫ. എം. കുഞ്ഞാമൻ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണം ദളിതരുടെ അടിസ്ഥാനപ്രശ്നമായ ഭൂപ്രശ്നത്തെ വിസ്മരിക്കുന്നുവെന്ന വിമർശകനായിരുന്നു തുടക്കംമുതൽ പ്രൊഫ: എം. കുഞ്ഞാമൻ. ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടനത്തിനുമുമ്പു വിദഗ്ദ്ധരുമായി സംസ്ഥാന ആസൂത്രണബോർഡ് നടത്തിയ ചർച്ചാവേദിയിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ജനകീയാസൂത്രണപ്രവർത്തനങ്ങളുമായി അദ്ദേഹം സഹകരിച്ചു.

കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. “കാരണം, ഇതു പുതിയതാണ്. ഇതുവരെ ഉണ്ടായിരുന്നത് മേൽത്തട്ടിൽനിന്നുള്ള വികസനമാണ്. ജനങ്ങൾക്ക് അതിൽ പങ്കുണ്ടായിരുന്നില്ല. ജനങ്ങൾക്കുവേണ്ടി നേതാക്കൾ ചിന്തിക്കുന്നു; നയം രൂപവത്ക്കരിക്കുന്നു; ഉദ്യോഗസ്ഥർ ജനങ്ങൾക്കുവേണ്ടി നടപ്പാക്കുന്നു. പ്രാദേശികതലത്തിൽ വികസനപ്രശ്നം ചർച്ചചെയ്യാനും മുൻഗണനാക്രമം തീരുമാനിക്കാനും ജനകീയാസൂത്രണത്തിൽ ജനങ്ങൾക്ക് അവസരം കിട്ടുകയാണ്. അതുകൊണ്ട് അതിനെ പിൻതാങ്ങുന്നു.”

ജനകീയാസൂത്രണത്തെ തുടർന്നു പട്ടികവിഭാഗഫണ്ടുകൾ ഗണ്യമായി വർദ്ധിച്ചു. അതിൽ നല്ലൊരു ഭാഗം താഴെത്തട്ടിൽ ആ സമുദായങ്ങളിലുള്ളവർക്കു നേരിട്ട് ഇടപെട്ട് തീരുമാനിക്കാനുള്ള അവസരവും ഒരുങ്ങി. എന്നാൽ, ആദ്യവർഷം കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ലെന്നു ബോദ്ധ്യമുണ്ടായതിനെ തുടർന്നു പട്ടികവിഭാഗ ഫണ്ട് വിനിയോഗം സംബന്ധിച്ചു മാത്രം ഈരണ്ടു ദിവസം വീതമുള്ള അവലോകനം നടത്താൻ മുഴുവൻ പഞ്ചായത്തുകളെയും നഗരസഭകളെയും ബാർട്ടൺഹില്ലിൽ വിളിച്ചുകൂടിയകാര്യം കെ. രാധാകൃഷ്ണനെപ്പറ്റിയുള്ള കുറിപ്പിൽ പറഞ്ഞിരുന്നല്ലോ. എല്ലാ ക്യാമ്പിലും മന്ത്രി കെ. രാധാകൃഷ്ണനൊപ്പം മറ്റൊരു അനിവാര്യസാന്നിദ്ധ്യമായിരുന്നു എം. കുഞ്ഞാമൻ.

ഓരോ തദ്ദേശഭരണസ്ഥാപനത്തിന്റെ പദ്ധതിയിലെയും പ്രൊജക്ടുകൾ എടുക്കുകയും പ്രൊജക്ടിലെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. നടത്തിപ്പുരീതിയെയും വിമർശനാത്മകമായി പരിശോധിച്ചു. അങ്ങനെ അടുത്തവർഷത്തെ പദ്ധതി കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നല്കി. ഈ സമ്മേളനങ്ങൾ ഒരു മാസത്തിലേറെ നീണ്ടുനിന്നു. എല്ലാ ദിവസവും യൂണിവേഴ്സിറ്റിയിലെ ക്ലാസ് കഴിഞ്ഞാൽ കുഞ്ഞാമൻ ബാർട്ടൺ ഹില്ലിൽ വരും. രാത്രി ഏറെ വൈകിയായിരിക്കും തിരിച്ചുപോവുക.

ഈ അവലോകനസമ്മേളനങ്ങളുടെ അടിസ്ഥാനത്തിൽ 1200 പട്ടികജാതി സോഷ്യൽ ആക്ടിവിസ്റ്റുകളെയും 2000-ത്തോളം പട്ടികവർഗ്ഗ സോഷ്യൽ ആക്ടിവിസ്റ്റുകളെയും തെരഞ്ഞെടുത്തതും ഇവർക്കു യഥാക്രമം മൂന്നും അഞ്ചും‌വീതം ദിവസത്തെ പരിശീലനം മാർ ഇവാനിയോസ് കോളെജിൽവച്ചു നല്കിയതും മുൻപു വിവരിച്ചിടുണ്ട്. ജനകീയാസൂത്രണം എന്തെന്നു പഠിപ്പിക്കുക. ഉദ്യോഗസ്ഥരോടും ജനപ്രതിനികളോടും ഇടപെടുന്നതിനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.

ഈ പരിശീലനത്തിൽ എം. കുഞ്ഞാമന് ഒരു പ്രത്യേക റോൾ ഉണ്ടായിരുന്നു. കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്നതിനു ഏതാനും റോൾ മോഡലുകൾ വേണ്ടിയിരുന്നു. അതിൽ ഒന്നാമൻ മന്ത്രി കെ. രാധാകൃഷ്ണൻ തന്നെ. അതു കഴിഞ്ഞാൽ പിന്നെ ഈ ചുമതല എം. കുഞ്ഞാമനായിരുന്നു. ഈ പരിശീലനങ്ങളും ഒരു മാസത്തിലേറെ നീണ്ടുനിന്നു. എല്ലാറ്റിലും കുഞ്ഞാമൻ സജീവമായി പങ്കെടുത്തു. ക്ലാസ് എടുക്കുക മാത്രമല്ല, കുട്ടികളോടു ദീർഘനേരം സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. അതു പ്രയോജനവും ചെയ്തു. എന്നാൽ ഭരണമാറ്റത്തിനുശേഷം ഇവരുടെ പ്രത്യേക യോഗങ്ങൾ വിളിക്കുകയോ പരിശീലനം നല്കുകയോ ചെയ്യാഞ്ഞതിനാൽ ക്രമേണ ഇവർ ഔദ്യോഗികസംവിധാനത്തിന്റെ മറ്റൊരു ഭാഗമായി മാറി.

കുഞ്ഞാമൻ മാത്രമല്ല, ഭാര്യ ഡോ: രോഹിണിയും ഇക്കാലത്ത് ജനകീയാസൂത്രണത്തിൽ സജീവമായിരുന്നു. ചുരുക്കത്തിൽ, രണ്ടിൽ ഒരാൾ വീട്ടിൽ പോകുന്നതുവരെ കുട്ടികളും ക്യാമ്പിൽ ഉണ്ടാവുമായിരുന്നു. രോഹിണിയെ താൽക്കാലികമായി പ്ലാനിങ് ബോർഡിലേക്കു വർക്ക് അറേഞ്ച്മെന്റിൽ എടുത്തിരുന്നു. ഡിപ്പാർട്ട്മെന്റുതല കണക്കുകൾ ക്രോഡീകരിക്കുകയായിരുന്നു ഇവരുടെ ചുമതല. എന്നാൽ അതോടൊപ്പം അവർ പരിശീലനപരിപാടികളിലും സജീവമായിരുന്നു.

ഞാൻ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഉള്ളപ്പോഴാണ് കുഞ്ഞാമൻ അവിടെ എംഫിൽ ചെയ്യാൻ ചേർന്നത്. അക്കാലം മുതലേ അടുത്ത പരിചയമുണ്ട്. പിന്നീട് കാര്യവട്ടത്ത് അദ്ധ്യാപകനായി. അപ്പോഴും സിഡിഎസുമായുള്ള ബന്ധം പുലർത്തിവന്നു. പലതരം തർക്കങ്ങൾകൊണ്ടു സംഭവബഹുലമായിരുന്നു ഇക്കാലം. താൽപ്പര്യമുള്ളവർക്കു കുഞ്ഞാമന്റെ വാക്കുകൾതന്നെ വായിക്കുന്നതാവും നന്ന്. ഡിസി ബുക്സ് ആണ് ‘എതിര്’ എന്ന പേരിൽ കുഞ്ഞാമന്റെ ആത്മകഥാകുറിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.