Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ. യോഗീന്ദർ കെ. അലഗ്
പ്രൊഫ. യോഗീന്ദർ കെ. അലഗ്

പ്രൊഫ. യോഗീന്ദർ കെ. അലഗ്

ലഘു ജീവചരിത്രം (Biography)

പ്രൊഫ. യോഗീന്ദർ കെ. അലഗ് ആയിരുന്നു 1996-98 കാലത്ത് കേന്ദ്ര ആസൂത്രണ-പദ്ധതിനിർവ്വഹണമന്ത്രി. കേരളത്തിലെ ജനകീയാസൂത്രണം പ്ലാനിങ് കമ്മീഷനിൽ വലിയ താൽപര്യം സൃഷ്ടിച്ചിരുന്നു. കേന്ദ്രമന്ത്രിതന്നെ പഠിക്കാൻ കേരളത്തിൽ വന്നു. മന്ത്രി ടി. കെ. രാമകൃഷ്ണനോടും പ്രൊഫ. ഐ. എസ്. ഗുലാത്തിയോടും മറ്റുപല പ്രമുഖരോടും പ്രൊഫ. അലഗ് ചർച്ച നടത്തിയിരുന്നു.

പ്രൊഫ. അലഗ് കേരളത്തിൽ അപരിചിതൻ ആയിരുന്നില്ല. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസുമായി അടുത്തബന്ധം പുലർത്തിയിരുന്നു. പ്രൊഫ. കെ. കെ. സുബ്രഹ്മണ്യവും ഡോ. പി. മോഹനൻപിള്ളയും അഹമ്മദാബാദിലെ സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകരായിരുന്നപ്പോൾ ഡയറക്റ്ററായിരുന്നു പ്രൊഫ. അലഗ്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിനു ഡോ. രാജ് എന്താണോ അതായിരുന്നു പ്രൊഫ. അലഗ് സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ടിന്. കുറച്ചുനാൾ അദ്ദേഹം അവിടെനിന്നു മാറിനിന്നപ്പോഴാണ് പ്രൊഫ. കെ. കെ. സുബ്രഹ്മണ്യം ഡയറക്റ്ററായത്. പ്രൊഫ. കെ. കെ. സുബ്രഹ്മണ്യവും ഡോ. മോഹനൻപിള്ളയും കേരളത്തിലേക്കു വരുന്നതിൽ പ്രൊഫ. അലഗ് വലിയൊരു പങ്കുവഹിച്ചു.

പിന്നീട് അദ്ദേഹം കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം IRMA-യുടെ (Institute of Rural Management Anand) ചെയർമാനായി. തുടർന്ന് ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായി. പിന്നീട് ജെഎൻയുവിന്റെ ഏഴാമത് വൈസ് ചാൻസലറായി. രാഷ്ട്രീയമായി ബിജെപി അനുഭാവത്തിലേക്കു നീങ്ങിയിരുന്നെങ്കിലും ജെഎൻയുവിന്റെ അവസാനത്തെ ലിബറൽ വൈസ് ചാൻസലറായിരുന്നു അദ്ദേഹമെന്നു പറയാം.

വലിയ കൗതുകത്തോടെയാണ് ജനകീയാസൂത്രണകാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് താഴെത്തട്ടിൽനിന്ന് ഒരു പദ്ധതി രൂപവത്ക്കരിക്കുന്നത്; അതും ലക്ഷക്കണക്കിനു ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട്. ഇങ്ങനെയൊന്നു കേരളത്തിലേ നടത്താനാകൂ എന്നായിരുന്ന് അദ്ദേഹത്തിന്റെ അഭിപ്രായം.