Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. എസ്. എസ്. മീനാക്ഷിസുന്ദരം
ഡോ. എസ്. എസ്. മീനാക്ഷിസുന്ദരം

ഡോ. എസ്. എസ്. മീനാക്ഷിസുന്ദരം

ലഘു ജീവചരിത്രം (Biography)

കേരളത്തിൽ ഒരാൾക്കു നീർത്തടവികസനപരിപാടി പഠിക്കണമെങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സന്ദർശനസ്ഥലം മൈസൂറിലെ മിരാഡ (Myrada - Mysore Resettlement and Development Agency} എന്ന സ്ഥാപനമാണ്.

പ്രകൃതിവിഭവങ്ങളും ഉപജീവനത്തൊഴിലുകളും സംബന്ധിച്ച പഠനപ്രവർത്തനങ്ങൾ നടത്തുന്ന ഒരു സന്നദ്ധസംഘടനയാണു മിരാഡ. ഇതുപോലെ നീർത്തടവികസനപരിപാടി നടപ്പാക്കിയിട്ടുള്ള അണ്ണാഹസാരയുടേതുപോലുള്ള സംഘടനകളുമുണ്ട്. പക്ഷെ, അവയിൽനിന്നെല്ലാം മിരാഡ ഉയർന്നുനില്ക്കുന്നതു പ്രായോഗികാനുഭവങ്ങളെ അക്കാദമിക്കായി വിശകലനം ചെയ്യാനും ഡോക്യുമെന്റ് ചെയ്യാനുമുള്ള കഴിവുകൊണ്ടാണ്. 1990-ൽ ആദ്യം മൈക്രോ ഫിനാൻസിനെക്കുറിച്ചും സ്വയംസഹായസംഘങ്ങളെക്കുറിച്ചും പഠിക്കുകയും സംഘടിപ്പിക്കുകയും ചെയ്തത് മിരാഡയാണ്. നീർത്തടാസൂത്രണം സംബന്ധിച്ചു കേരളത്തിലെ ഗ്രാമവികസനവകുപ്പ് മിരാഡയുമായി സഹകരിക്കാൻ ഗൗരവമായ ചർച്ചകൾ നടന്നതാണ്. എന്നാൽ പ്രായോഗികതലത്തിൽ വന്നില്ല. മിരാഡയുടെ ഇപ്പോഴത്തെ ഡയറക്റ്റർ ഡോ. എസ്. എസ്. മീനാക്ഷിസുന്ദരമാണ്.

ഇന്നു ദേശീയതലത്തിൽ അധികാരവികേന്ദ്രീകരണത്തിൽ അഗാധപാണ്ഡിത്യവും നീണ്ടനാളത്തെ പ്രായോഗികപരിജ്ഞാനവുമുള്ള വ്യക്തി മീനാക്ഷിസുന്ദരമാണ്. കർണ്ണാടകത്തിൽ 80-കളുടെ മദ്ധ്യത്തിൽ ഹെഗ്ഡെ സർക്കാരിൽ പഞ്ചായത്തുമന്ത്രിയായിരുന്ന അബ്ദുൾ നസീർ സാബിന്റെ നേതൃത്വത്തിൽ നടന്ന അധികാരവികേന്ദ്രീകരണപരീക്ഷണം പ്രസിദ്ധമാണ്. അശോക് മേത്ത കമ്മിറ്റി റിപ്പോർട്ടിനുശേഷം രൂപംകൊണ്ട മൂന്നാംതലമുറപഞ്ചായത്തുകളിൽ ഏറ്റവും ഫലപ്രദമായത് കർണ്ണാടകത്തിൽ ആയിരുന്നു. അന്ന് അവിടെ പഞ്ചായത്തുവകുപ്പിന്റെ സെക്രട്ടറി ആയിരുന്നു ഡോ. മീനാക്ഷിസുന്ദരം.

കർണ്ണാടകത്തിൽ കളക്ടറെ ജില്ലാപരിഷത്തിന്റെ ചീഫ് സെക്രട്ടറിയായി പുനർനാമകരണം ചെയ്തു. ഡിആർഡിഎ നിറുത്തലാക്കി (കേരളത്തിൽ നമുക്ക് അതിനായി 2006-വരെ കാത്തിരിക്കേണ്ടിവന്നു). ജില്ലാ ആസൂത്രണം ആവിഷ്കരിച്ചു. എന്നാൽ, ഹെഗ്ഡെ സർക്കാരിന്റെ തകർച്ചയോടെ ഈ പരീക്ഷണവും ദുർബ്ബലപ്പെട്ടു.

മീനാക്ഷിസുന്ദരം ദില്ലിയിൽ ഗ്രാമവികസനവകുപ്പു സെക്രട്ടറിയായിരുന്ന കാലത്താണ് രാജീവ് ഗാന്ധി അധികാരവികേന്ദ്രീകരണത്തിൽ ആകൃഷ്ടനായത്. ഇതിൽ മണിശങ്കർ അയ്യർക്കുള്ള പങ്കുപോലെതന്നെ മീനാക്ഷിസുന്ദരവും സംഭാവന ചെയ്തിട്ടുണ്ട്. 73, 74 ഭരണഘടനാഭേദഗതികളുടെ പ്രധാനസൂത്രധാരരിൽ ഒരാളായിരുന്നു. ഞാനടക്കം പലരും ഈ ഭേദഗതികളുടെ പല പരിമിതികളെയും വിമർശിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ പ്രായോഗികമായ ഒരു ഒത്തുതീർപ്പായിരുന്നു ഈ ഭരണഘടനാഭേദഗതിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

ദേവഗൗഡ പ്രധാനമന്ത്രിയായപ്പോൾ മീനാക്ഷിസുന്ദരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എടുത്തു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി നവംബർ 1-നു നടന്ന പുനരർപ്പണപരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതു മീനാക്ഷിസുന്ദരം ആയിരുന്നു. ജനകീയാസൂത്രണത്തിന്റെ പുരോഗതിയിൽ അതീവതാൽപ്പര്യം അദ്ദേഹം എടുത്തിരുന്നു. കേരളത്തിലെ പരീക്ഷണത്തിന്റെ പ്രാധാന്യം കേന്ദ്രസർക്കാരിൽ വിശദീകരിക്കാനും ഉയർത്തിക്കാട്ടാനും അദ്ദേഹം മുൻകൈ എടുത്തു.

വാജ്പേയി പ്രധാനമന്ത്രിയായപ്പോഴും മീനാക്ഷിസുന്ദരത്തെ പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നു മാറ്റിയില്ല. 1998-ൽ കുടുംബശ്രീയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനു വാജ്പേയിയെ ക്ഷണിക്കാൻ തീരുമാനിച്ചു. വാജ്പേയിയെ കൊണ്ടുവരാൻ സഹായം ചെയ്തത് മീനാക്ഷിസുന്ദരമാണ്. എന്നു മാത്രമല്ല, പ്ലാനിങ് കമ്മിഷനിൽനിന്നു 100 കോടി രൂപ കുടുംബശ്രീക്കു പ്രത്യേകമായി അനുവദിപ്പിക്കുകയും ചെയ്തു.

റിട്ടയർമെന്റിനുശേഷം മീനാക്ഷിസുന്ദരം രാജ്യമെമ്പാടും അധികാരവികേന്ദ്രീകരണസെമിനാറുകളിലും പരിശീലനങ്ങളിലും പങ്കെടുത്തു നിറഞ്ഞുനിന്നു. വളരെ സൗമ്യമായ ഭാഷയിൽ അതിലളിതമായി പൂർണ്ണവ്യക്തതയോടെ നിയമവശങ്ങളും അധികാരവികേന്ദ്രീകരണസങ്കൽപ്പങ്ങളും വിശദീകരിക്കാൻ അദ്ദേഹത്തിനു പ്രത്യേക കഴിവുണ്ടായിരുന്നു.

ഒട്ടനവധിപ്രാവശ്യം കിലയിലടക്കം കേരളം സന്ദർശിച്ചിട്ടുണ്ട്. അവസാനം കേരളത്തിൽ വന്നത് 73, 74 ഭരണഘടനാഭേദഗതികളുടെ രജതജൂബിലിയാഘോഷത്തിൽ പങ്കെടുക്കാൻ ആയിരുന്നു. കിലയുമായി പ്രത്യേകബന്ധംതന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പ് കിലയുടെ സോഷ്യൽ ഓഡിറ്റ് നടത്താൻ അദ്ദേഹം നേതൃത്വം നല്കി. രാജ്യത്തുതന്നെ ഒരു പക്ഷെ, ആദ്യമായിരിക്കും ഒരു സംസ്ഥാനതലസ്ഥാപനം ഇതുപോലെ സോഷ്യൽ ഓഡിറ്റിനു വിധേയമാകുന്നത്.

2016-ൽ കേന്ദ്രഭരണപ്രദേശങ്ങളിൽ പഞ്ചായത്തിരാജ് സംവിധാനം ശക്തിപ്പെടുത്താനുള്ള ദേശീയസമിതിയുടെ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചു. പ്രശസ്തമായ പല ദേശീയസ്ഥാപനങ്ങളുടെയും ഫാക്കൽറ്റിയംഗമാണ്. പ്രായോഗികപരിജ്ഞാനവും അക്കാദമികപ്രാഗത്ഭ്യവും ഒത്തുചേർന്ന അപൂർവ്വം പ്രഗത്ഭരിൽ ഒരാളാണു മീനാക്ഷിസുന്ദരം.