Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ടി. ആർ. രഘുനന്ദൻ
ടി. ആർ. രഘുനന്ദൻ

ടി. ആർ. രഘുനന്ദൻ

ലഘു ജീവചരിത്രം (Biography)

ടി. ആർ. രഘുനന്ദൻ ജനിച്ചതു പാലക്കാട്ടാണ്. പഠിച്ചത് എറണാകുളം മഹാരാജാസിലും. അച്ഛൻ 1960-കളിൽ കേരള ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്നു. മൂന്നു മൂത്തസഹോദരിമാരും ഐഎഎസുകാരായി. വക്കീലാകാൻ പോയ രഘുനന്ദനും അവസാനം ഐഎഎസ് ജയിച്ചു കർണ്ണാടക കേഡറിലുമായി.

എപ്പോഴോ പഞ്ചായത്തീരാജ് ഹരമായി. അതിന്റെ എല്ലാ വശങ്ങളും ആഴത്തിൽ പഠിച്ചു. അദ്ദേഹത്തിന്റെ ഈ വൈദഗ്ദ്ധ്യം കണ്ടറിഞ്ഞു മണിശങ്കർ അയ്യർ പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയാകാൻ ക്ഷണിച്ചു. ഇത്തരമൊരു ക്ഷണം അപൂർവ്വബഹുമതിയാണ്.

ദില്ലിയിലെ ജോയിന്റ് സെക്രട്ടറി എന്നനിലയിൽ എല്ലാ സംസ്ഥാനത്തും പര്യടനം നടത്തി. നാലു കാര്യങ്ങളാണ് അദ്ദേഹത്തിന്റെ നേട്ടങ്ങളായി പറയാനുള്ളത്. ഒന്ന്, കർണ്ണാകടത്തിൽ വികേന്ദ്രീകൃതാസൂത്രണം നടപ്പാക്കാൻ നിയമം തയ്യാറാക്കി. രണ്ട്, ജില്ലാപ്പദ്ധതിയുടെ മാർഗ്ഗരേഖ പ്ലാനിങ് കമ്മിഷനെക്കൊണ്ട് അംഗീകരിപ്പിച്ചു. മൂന്ന്, ജനകീയാസൂത്രണത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പങ്കാളിത്ത ആസൂത്രണത്തിനുള്ള മാർഗ്ഗരേഖ തയ്യാറാക്കി. നാല്, ‘ബാക്ക്‌വേഡ് റീജിയൺ ഗ്രാന്റ് ഫണ്ട്’ എന്ന സ്കമീനു രൂപം നല്കി. അക്കാലത്ത് ഇതു മാത്രമാണ് തദ്ദേശഭരണസ്ഥാപനങ്ങൾക്കു ഫിനാൻസ് കമ്മിഷനുപുറമെ നേരിട്ടു കിട്ടിക്കൊണ്ടിരുന്ന ഫണ്ട്.

കേരളത്തിലെ അധികാരവികേന്ദ്രീകരണപരീക്ഷണത്തിൽ വലിയ താൽപ്പര്യമെടുത്തു. ഇഎംഎസ് പാർപ്പിടപദ്ധതിക്കു വാണിജ്യബാങ്കുകളിൽനിന്നു വായ്പ ലഭിക്കാൻ റിസർവ്വ് ബാങ്ക് ഗവർണ്ണറുടെ അടുത്തുപോലും ശുപാർശ ചെയ്തു. എന്നാൽ റിസർവ്വ് ബാങ്ക് അത് അനുവദിച്ചില്ല. അവസാനം ഹഡ്കോയിൽനിന്നാണു വായ്പ തരപ്പെടുത്തിയത്. രഘുനന്ദൻ ഇപ്പോൾ ഐഎഎസ് രാജിവച്ച് അധികാരവികേന്ദ്രീകരണരംഗത്തു കൺസൾട്ടന്റായാണു പ്രവർത്തിക്കുന്നത്.

ഭരണഘടനാഭേദഗതികളുടെ ഇരുപതാം വാർഷികത്തിൽ അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നിയോഗിച്ച മണിശങ്കർ അയ്യർ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ കൺസൾട്ടന്റ് എന്ന നിലയിൽ രഘുനന്ദൻ പ്രധാനപങ്കു വഹിക്കുകയുണ്ടായി. ഈ കാലത്ത് അദ്ദേഹവുമായി അടുത്ത് ഇടപഴകാനും ഒരുമിച്ചു പ്രവർത്തിക്കാനും കഴിഞ്ഞു.

ജനകീയാസൂത്രണത്തിന്റെ വലിയ അഭ്യുദയകാംഷി ആയിരുന്നപ്പോൾപ്പോലും അദ്ദേഹം ഒരു നല്ല വിമർശകൻ ആയിരുന്നു. പദ്ധതി തയ്യാറാക്കൽമാർഗ്ഗനിർദ്ദേശങ്ങൾ പരമാവധി കുറയ്ക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനവാദം. സമീപകാലത്തു യാമിനി അയ്യരുമായി ചേർന്നു തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള കേരളത്തിന്റെ ധനവിന്യാസത്തെക്കുറിച്ചു വിശദമായ പഠനം പൂർത്തീകരിച്ചിട്ടുണ്ട്. താമസിയാതെ അതു പ്രസിദ്ധീകരിക്കുമെന്നു കരുതുന്നു.