Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / യു. ജനാർദ്ദനൻ
യു. ജനാർദ്ദനൻ

യു. ജനാർദ്ദനൻ

ലഘു ജീവചരിത്രം (Biography)

പരിഷത്ത് അടുപ്പുമായി ബന്ധപ്പെടുത്തിയാണ് മയ്യിലിലെ യു. ജനാർദ്ദനനെക്കുറിച്ചുള്ള എന്റെ ആദ്യ ഓർമ്മകൾ. ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ രണ്ടാം അഖിലേന്ത്യാസമ്മേളനം 1983 ഫെബ്രുവരിയിൽ തിരുവനന്തപുരത്തു നടന്നു. അന്നത്തെ ശാസ്ത്രസാങ്കേതികവകുപ്പ് സഹമന്ത്രിയായിരുന്ന എം. ജി. കെ. മേനോൻ ഉൾപ്പെടെ ആ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഗ്രാമശാസ്ത്രസമിതിപ്രവർത്തനം സജീവമായി വരുന്ന കാലംകൂടി ആയിരുന്നു. ഈ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, 1980 മുതൽ പരിഷത്ത് സജീവമായി പ്രചരിപ്പിച്ചുവരുന്ന പരിഷത്ത് അടുപ്പിന്റെ ഗവേഷണം ശാസ്ത്രസാങ്കേതികവകുപ്പിന്റെ സഹായത്തോടെ ഏറ്റെടുക്കാൻ പരിഷത്ത് തയ്യാറായി.

തിരുവനന്തപുരത്ത് ചിറക്കുളം റോഡിലെ ഒരു വാടകക്കെട്ടിടത്തിലാണ് ജനകീയഗവേഷണശാല പ്രവർത്തിച്ചിരുന്നത്. അന്നത്തെ കേന്ദ്രമന്ത്രി കെ. സി. പന്ത് ഗവേഷണശാല സന്ദർശിച്ച് അഭിനന്ദനം രേഖപ്പെടുത്തിയത് ഓർക്കുന്നു. ഡോ. എം. പി. പരമേശ്വരനായിരുന്നു മുഖ്യചുമതല. പരിഷത്തിന്റെ ദക്ഷിണമേഖലാ സെക്രട്ടറിയും പിഡബ്ല്യുഡിയിൽ എക്സിക്യുട്ടീവ്‌ എൻ‌ജിനീയറുമായിരുന്ന വി. രാമഭദ്രൻ പ്രൊജക്ട് കോഡിനേറ്റർ. പ്രധാന സഹായികളിലൊരാൾ യു. ജനാർദ്ദനനും. സെറാമിക് ടെക്നോളജിയിലെ ജനാർദ്ദനന്റെ അറിവ് ഈ ഗവേഷണത്തിന് ഏറെ പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അന്നുമുതലുള്ള പരിചയമാണ് എനിക്കു ജനാർദ്ദനനുമായി. ഗവേഷണത്തിനാവശ്യമായ റഫറൻസിന് സിഡിഎസിലെ ലൈബ്രറി ഉപയോഗിക്കാൻ ജനാർദ്ദനൻ വരുമായിരുന്നു. പിന്നീട് എന്റെ വിദ്യാർത്ഥികളിൽ ഒരാളായ എം. എൻ. സുധാകരൻ ദക്ഷതകൂടിയ അടുപ്പുകളെക്കുറിച്ച് എംഫിൽ പ്രബന്ധം തയ്യാറാക്കിയപ്പോൾ ജനാർദ്ദനന്റെ സഹായം തേടുകയുണ്ടായി.

ജനാർദ്ദനൻ പിന്നീടു പ്രൊഫ. വി. കെ. ദാമോദരന്റെകൂടെ ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതിസമിതിയിലും തുടർന്ന് അനെർട്ടിലും ജോലി ചെയ്തിട്ടുണ്ട്. ഒന്നാം കേരളപഠനകോൺഗ്രസിന്റെ സംഘാടനത്തിലും തുടർന്നു നടന്ന എല്ലാ വികസനചർച്ചകളിലും സജീവമായിരുന്നു. സ്വാഭാവികമായും ജനകീയാസൂത്രണം വന്നപ്പോൾ റിസോഴ്സ് പേഴ്സൺ ആയി. തിരുവനന്തപുരത്താണു ജോലിയെങ്കിലും മയ്യിലെ ഒരു പ്രവർത്തനത്തിൽനിന്നും മാറിനിന്നിട്ടില്ല. മയ്യിൽ പഞ്ചായത്തിന്റെ വികസനരേഖ തയ്യാറാക്കുന്നതിലും സജീവപങ്കാളിയായിരുന്നു.

ലൈബ്രറി പ്രവർത്തകനെന്നനിലയിൽ പൊതുഗ്രന്ഥശാലകളുടെ നവീകരണം ജനകീയാസൂത്രണത്തിന്റെ അജണ്ടയിലേക്കു കൊണ്ടുവന്നതിൽ ജനാർദ്ദനന് ഒരു പങ്കുണ്ട്. 1932-ൽ സ്ഥാപിതമായതും കണ്ടക്കൈ കർഷകസമരത്തിന്റെ സിരാകേന്ദ്രവുമായിരുന്ന വേളം പൊതുജനവായനശാലയിലൂടെയാണ് ജനാർദ്ദനൻ പൊതുരംഗത്തു വരുന്നതുതന്നെ.

ഗ്രാന്റ് അപേക്ഷയും ഗ്രഡേഷൻ പ്രവർത്തനങ്ങളും ഓൺ‌ലൈൻ സംവിധാനത്തിലേക്കു മാറ്റുന്നതിനു മുൻകൈയെടുത്തു. അഞ്ചാം ലൈബ്രറി കൗൺസിൽക്കാലത്ത് കണ്ണൂർ ജില്ലാ ലൈബ്രറി എക്സിക്യുട്ടീവ്‌ അംഗമായിരുന്നു. തളിപറമ്പ് നിയോജകമണ്ഡലത്തിലെ നീർത്തടവികസനപരിപാടിയുടെ ഭാഗമായി ലൈബ്രറികളെ വിജ്ഞാനകേന്ദ്രങ്ങളുടെ ഒരു ശൃംഖലയായി ആവിഷ്കരിക്കുന്നതിൽ ജനാർദ്ദനനും പങ്കാളിയായിരുന്നു.

ഒരു മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മയ്യിലിൽ സ്ഥാപിക്കാൻ പദ്ധതിയിൽ പണം വകയിരുത്തിയിരുന്നെങ്കിലും സർക്കാർ നിശ്ചയിച്ച നിരക്കിൽ ഭൂമി ലഭിക്കാത്തതുമൂലം പ്രൊജക്ട് നടപ്പാക്കാൻ കഴിഞ്ഞില്ല. ഇതിനുത്തുടർന്ന് തൊഴിൽപരിശീലനവും അതിന്റെ അടിസ്ഥാനത്തിൽ ഇലക്ട്രോണിക് യൂണിറ്റ്, തയ്യൽ യൂണിറ്റ്, പലഹാരനിർമ്മാണയൂണിറ്റ് തുടങ്ങിയവയും ആരംഭിച്ചു. 1997-98 വർഷം കോഴിക്കോട് ഗസ്റ്റ്ഹൗസിലെ ഷെഫായിരുന്ന സലീമിനെ കൊണ്ടുവന്ന് കണ്ണൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു പരിശീലനം നൽകാൻ ജനാർദ്ദനനാണു മുൻകൈയെടുത്തത്. പത്തു വനിതകൾക്കു പരിശീലനം നൽകി പഴങ്ങളിൽനിന്നു ജ്യൂസ്, അച്ചാറുകൾ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചിരുന്നു. ഇന്നും അച്ചാർ യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നു.

ഇതെഴുതുമ്പോൾ 2021-ൽ മയ്യിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ സിഇഒ ആയിരുന്നു. കേരളത്തിലെ ഏറ്റവും നല്ല ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മയ്യിൽ പഞ്ചായത്തിലേതാണ് - മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി. രാജ്യത്തെ 20 കർഷകകൂട്ടായ്മകളുമായി പ്രധാനമന്ത്രി നടത്തിയ സംവാദത്തിലേക്കു കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക സംരംഭകരാണ് മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ്. നബാർഡ് ഗ്രേഡിങ്ങിൽ ഏറ്റവും ഉയർന്ന എ ഗ്രേഡിലാണ് കമ്പനി. ജനകീയാസൂത്രണം തുടങ്ങിവച്ച നെൽക്കൃഷിവികസനപരിപാടിയുടെ ഏറ്റവും അവസാനഘട്ടത്തിലാണ് 2017-ൽ പ്രൊഡ്യൂസർ കമ്പനി രൂപംകൊള്ളുന്നത്. ഇപ്പോൾ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയിൽ 417 കൃഷിക്കാർ ഓഹരി ഉടമകളായുണ്ട്. 2020-21 വർഷത്തെ വാർഷികവിറ്റുവരവ് രണ്ടു കോടി രൂപയാണ്. കൃത്യമായി ലാഭവിഹിതവും നൽകുന്നു.

നെല്ലിനു 17 രൂപ ലഭിച്ച സ്ഥാനത്ത് നെല്ലു സംഭരിച്ച് അരിയാക്കി വിറ്റ് ലാഭവിഹിതമടക്കം ഒരുകിലോ നെല്ലിനു 30 രൂപ വില നൽകുന്നതിനു കമ്പനിയുടെ നേതൃത്വത്തിൽ 10 വികേന്ദ്രീകൃത നെല്ലുസംസ്കരണയൂണിറ്റുകളും 15 സ്വകാര്യസംരംഭകരുടെയും 25 പാടശേഖരസമിതികളുടെയും 50 മിനി മില്ലുകളും ഇന്നു മയ്യിലുണ്ട്. സ്വന്തം നെല്ലു കുത്തി അരിയാക്കാനും ചുറ്റുമുള്ളവർക്ക് കുത്തിക്കൊടുക്കാനും ഇവ ഉപയോഗിക്കുന്നു.