Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. എൻ. എച്ച്. ആന്തിയ
ഡോ. എൻ. എച്ച്. ആന്തിയ

ഡോ. എൻ. എച്ച്. ആന്തിയ

ലഘു ജീവചരിത്രം (Biography)

നമ്മുടെ നാട്ടിലെ ആശാവർക്കമാരിൽ എത്ര പേർക്ക് ഡോ. ആന്തിയയെ അറിയാം? അല്ലെങ്കിൽ എൻഎച്ച്എം വിദഗ്ദ്ധർക്ക്? ഇവ രണ്ടിന്റെയും ബീജാവാപം ചെയ്തത് കേരളത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും വലിയ അഭ്യുദയകാംഷിയായിരുന്ന ഡോ. എൻ. എച്ച്. ആന്തിയ ആയിരുന്നു. ഇന്ത്യൻ സോഷ്യൽ സയൻസ് റിസർച്ച് കൗൺസിലും ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലും ചേർന്നു തയ്യാറാക്കിയ “എല്ലാവർക്കും ആരോഗ്യം - ഒരു ബദൽതന്ത്രം” എന്ന റിപ്പോർട്ട് തയ്യറാക്കിയ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ജെ. പി. നായിക്കും മെമ്പർ സെക്രട്ടറി ഡോ. ആന്തിയയും ആയിരുന്നു. ഇന്ത്യൻ ആരോഗ്യമേഖലയെക്കുറിച്ചുള്ള ഒരു ക്ലാസിക് ആയിട്ടാണ് ഈ റിപ്പോർട്ട് കരുതപ്പെടുന്നത്. അതിലാണ് ആദ്യമായി എൻആർഎച്ച്എം, ആശാവർക്കാർ തുടങ്ങിയ ആശയങ്ങൾ പ്രതിപാദിക്കപ്പെട്ടത്. ഡോ. മൻമോഹൻ സിങ്ങുമായി ഉണ്ടായിരുന്ന അടുത്തബന്ധം ഈ ആശയങ്ങൾക്കു മൂർത്തരൂപം ഉണ്ടാക്കി. അങ്ങനെയാണ് എൻആർഎച്ച്എം-ഉം ആശാപ്രവർത്തകരും രൂപംകൊള്ളുന്നത്.

ഡോ. ആന്തിയ ഇന്ത്യയിലെ ഏറ്റവും പ്രാമാണികനായ പ്ലാസ്റ്റിക് സർജൻമാരിൽ ഒരാളായിരുന്നു. ബ്രിട്ടനിലായിരുന്നു പരിശീലനം. ബോംബെയിലെ ജെജെ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വകുപ്പിന്റെ മേധാവിയായി 21 വർഷം പ്രവർത്തിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ ഈ മേഖലയിലെ മികവ് കോസ്മറ്റിക് സർജറിക്കും മറ്റുമായിരുന്നില്ല ഉപയോഗപ്പെടുത്തിയിരുന്നത്; കുഷ്ടരോഗം വികൃതപ്പെടുത്തുന്ന മുഖവും ശരീരഭാഗങ്ങളും ഭേദപ്പെടുത്തി പുനരധിവാസം എളുപ്പമാക്കാൻവേണ്ടി ആയിരുന്നു. ഈ മേഖലയിൽ ഡോക്ടർമാർക്കിടയിൽ വലിയൊരു അനുയായിവൃന്ദത്തെ അദ്ദേഹം സൃഷ്ടിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി പൊതു ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള ഒരു ഫൗണ്ടേഷൻ അദ്ദേഹം സ്ഥാപിച്ചു. 300 ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ തുടങ്ങിയ ജനകീയാരോഗ്യപ്രസ്ഥാനങ്ങളോടു വളരെ സജീവബന്ധം പുലർത്തിയിരുന്നു. ഗാന്ധിയനായിരുന്നു. സാമ്രാജ്യത്വവിരോധിയായിരുന്നു. ജനകീയാരോഗ്യത്തിന് അധികാരവികേന്ദ്രീകരണം അനിവാര്യമാണെന്ന നിലപാടുകാരനായിരുന്നു. സ്വാഭാവികമായും ജനകീയാസൂത്രണത്തിന്റെ പുരോഗതിയെക്കുറിച്ചു വളരെ തൽപ്പരനായിരുന്നു.

കേരളത്തിൽ വന്നതിന് ഇതു മാത്രമായിരുന്നില്ല കാരണം. പ്രൊഫസർ ഐ. എസ്. ഗുലാത്തിയുടെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളായിരുന്നു. ഒൻപതാം പദ്ധതിയുടെ പ്ലാനിങ് ബോർഡിന്റെ അദ്ധ്യക്ഷൻ ഡോ. ആന്തിയ ആയിരുന്നു. അങ്ങനെ പലവട്ടം കേരളത്തിൽ വന്നിട്ടുണ്ട്. താമസം മിക്കവാറും പ്രൊഫ. ഗുലാത്തിയുടെ വീട്ടിൽത്തന്നെ ആയിരിക്കും.

അദ്ദേഹത്തിന്റെ ആത്മകഥ പെൻഗ്വിൻ ആണു പ്രസിദ്ധീകരിച്ചത്. ‘A Life of Change – The Auto Biography of a Doctor’ എന്നാണു ഗ്രന്ഥത്തിന്റെ പേര്. ഈ ഗ്രന്ഥത്തിനു മുഖവുര എഴുതിയത് നമുക്കു സുപരിചിതനായ ഡോ. എം. എസ്. വലിയത്താൻ ആണെന്നതും ഒരു പ്രത്യേകതയാണ്. ഈ ഗ്രന്ഥത്തിന്റെ അവസാനത്തെ രണ്ട് അദ്ധ്യായങ്ങളുടെ പേരു മാത്രം പറയട്ടെ: “ജനാധിപത്യം - പഞ്ചായത്തീരാജും ആരോഗ്യപരിപാലനവും”, “ശാസ്ത്രവും വികസനവും”.

ഞങ്ങൾ പ്ലാനിങ് ബോർഡ് അംഗങ്ങളോടെല്ലാം അദ്ദേഹം ജനകീയാസൂത്രണത്തെക്കുറിച്ചു വിശദമായി ചർച്ചചെയ്യുമായിരുന്നു. പല കൂടിച്ചേരലുകളും ഓർമ്മയിലുണ്ട്. പഞ്ചായത്തുകൾ പലതും സന്ദർശിച്ചിട്ടുണ്ട്. പലപ്പോഴും കൂടെപ്പോവുക ഡോ. ഇക്ബാലാണ്. അമ്പൂരി പഞ്ചായത്തിലെ സന്ദർശനത്തിന് ആസൂത്രണസെല്ലിൽനിന്ന് എഡിസനാണു കൂടെപ്പോയത്.

ഭാവത്തിലും പെരുമാറ്റത്തിലും തികഞ്ഞ അനൗപചാരികത ആയിരുന്നു ഡോ. ആന്തിയയുടെ ശൈലി. ഇത്ര വലിയ ആഗോളപ്രശസ്തനായ ഒരാളോടാണു സംസാരിക്കുന്നതെന്നു പഞ്ചായത്തുകളിലെ ആർക്കും തോന്നില്ല. കടത്തിണ്ണയിൽനിന്നു ഘോഷയാത്ര കാണുന്നതിനോ പഞ്ചായത്തോഫീസിലെ കുടുസുമുറിയിലിരുന്നു കാര്യങ്ങൾ ചോദിച്ചറിയുന്നതിനോ കൊച്ചുകുട്ടികളോട് അവർക്കു മനസിലാകുന്ന ലളിതമായ കാര്യങ്ങൾ പ്രസംഗിക്കുന്നതിനോ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല.

“ജനങ്ങളുടെ ആരോഗ്യം ജനങ്ങളുടെ കൈയിൽ - പഞ്ചായത്തീരാജിന് ഒരു മോഡൽ” എന്ന അദ്ദേഹത്തിന്റെ ലഘുഗ്രന്ഥത്തിലെ ഉദ്ധരണിയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. “ആരോഗ്യം ജനങ്ങൾക്കു മുകളിൽനിന്ന് എത്തിച്ചുകൊടുക്കാനാവില്ല. ... വികേന്ദ്രീകൃതമായ ജനകീയാരോഗ്യപരിപാലനം ആവശ്യവുമാണ് സാദ്ധ്യവുമാണ്. ... ജനപങ്കാളിത്തത്തോടുകൂടിയ ആരോഗ്യസംവിധാനത്തിനു താരതമ്യേന വളരെ താഴ്ന്ന ചെലവിൽ എല്ലാവരിലും എത്തിച്ചേരാനും സുതാര്യത ഉറപ്പുവരുത്താനും കഴിയും. ... വിദ്യാഭ്യാസംപോലെ ആരോഗ്യവും തങ്ങളുടെതന്നെ താൽപ്പര്യത്തിനുവേണ്ടിയുള്ള ചെറുചെറു ജനകീയയിടപെടലിന് ഏറ്റവും അനുയോജ്യമാണ്.”