Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / റിച്ചാർഡ് ഫ്രാങ്കി
റിച്ചാർഡ് ഫ്രാങ്കി

റിച്ചാർഡ് ഫ്രാങ്കി

ലഘു ജീവചരിത്രം (Biography)

ഒരു പക്ഷെ, ഇന്നു കേരളത്തിൽ സുപരിചിതനായ വിദേശിയായിരിക്കും റിച്ചാർഡ് ഫ്രാങ്കി. നല്ലൊരുവിഭാഗം മലയാളികൾക്കും ആ പേര് അറിയാം. മറ്റ് ഏതെങ്കിലും വിദേശിയെക്കുറിച്ച് ഇതുപോലൊരു വിവാദം കേരളത്തിൽ ഉണ്ടായിക്കാണില്ല. ഇതിനു കാരണം ജനകീയാസൂത്രണവിവാദകാലത്ത് അദ്ദേഹത്തിനെതിരെ ചിലർ ഉന്നയിച്ച അടിസ്ഥാനരഹിതവും അപഹാസ്യവുമായ ആക്ഷേപങ്ങളാണ്. അവയേതെങ്കിലും പരാമർശിക്കാനോ മറുപടി പറയാനോ അല്ല ഈ കുറിപ്പ്. അത്തരമൊരു വിശദീകരണം ഇന്നു തികച്ചും അപ്രസക്തമാണ്.

ന്യൂ ജേഴ്സിയിലെ മോൺക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നരവംശശാസ്ത്ര പ്രൊഫസറായിരുന്നു ഫ്രാങ്കി. ഇദ്ദേഹം ഹാർവാർഡ് സർവ്വകലാശാലയിൽ സമർപ്പിച്ച പിഎച്ച്ഡി പ്രബന്ധം ഇൻഡോനേഷ്യയിലെ സൂര്യനാം പ്രവിശ്യയിലെ കാർഷികവ്യവസ്ഥയെക്കുറിച്ച് ആയിരുന്നു. പിന്നീട് അദ്ദേഹം പഠിച്ചത് വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ ക്ഷാമത്തെക്കുറിച്ചാണ്. ആഫ്രിക്കയിലെ കൊടിയ ദാരിദ്ര്യത്തിനും ജീവിതത്തകർച്ചയ്ക്കും വിപരീതമായി സാധാരണക്കാർക്കു താരതമ്യേന മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുവാൻ കഴിഞ്ഞ കേരളത്തിലേക്കു പിന്നീട് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞു. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചുംമറ്റും പ്രൊഫ. ജോൻ മെഞ്ചറുടെ പഠനങ്ങളാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പ്രൊഫ. ജോൻ മെഞ്ചർ വിശദമായ സർവ്വെ നടത്തിയ ഒരു ഗ്രാമം രണ്ടാമതും സർവ്വെ നടത്താനും കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ഫലമായി ജനജീവിതത്തിന് ഉണ്ടായ ഉയർച്ചെക്കുറിച്ചു പഠിക്കാനും അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് 1986-ൽ അദ്ദേഹം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ വരുന്നത്. 1993-ൽ ‘ജീവിതം മെച്ചപ്പെടുന്നു; നാടൂർ ഗ്രാമത്തിലെ പുനർവിതരണ വികസനതന്ത്രം’ (Life is a Little Better: Redistribution as a Development Strategy in Nadur Village, Kerala) എന്ന ഗ്രന്ഥം അദ്ദേഹം പ്രസിദ്ധീകരിച്ചു.

കേരളത്തെക്കുറിച്ചുള്ള റിച്ചാർഡ് ഫ്രാങ്കിയുടെ കൂടുതൽ പ്രശസ്തി നേടിയ പഠനം ‘കേരളം: ഒരു ഇന്ത്യൻ സംസ്ഥാനത്തെ വികസനം - വിപ്ലവകരമായ പരിഷ്കാരങ്ങളുടെ ഫലം’ (Kerala: Radical Reforms as Development in an Indian State) എന്ന ഗ്രന്ഥമായിരുന്നു. ഒട്ടനവധി പതിപ്പുകൾ ഇറങ്ങിയ ഈ ഗ്രന്ഥം കേരളത്തിലെ വികസനാനുഭവത്തെ സാർവ്വദേശീയമായി പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു.

1980-കളിൽ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണാർത്ഥം റിച്ചാർഡ് ഫ്രാങ്കി വന്ന നാൾ മുതൽ ഞങ്ങൾ അടുത്ത് ഇടപഴകിയിരുന്നു. കേരളത്തിനെക്കുറിച്ചുള്ള റഫറൻസുകൾക്കും മറ്റും പലപ്പോഴും അദ്ദേഹം എന്നെയാണ് ആശ്രയിച്ചിരുന്നത്. ഞങ്ങൾ നല്ല കുടുംബസുഹൃത്തുക്കളായിരുന്നു. 1991-ലെ തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങളും നായനാർ സർക്കാരിന്റെ പ്രവർത്തനങ്ങളും അവലോകനം ചെയ്തുകൊണ്ട് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ഞാനൊരു പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി. ആ പ്രബന്ധത്തിൽ സൂചിപ്പിച്ചിരുന്ന സമ്പൂർണ്ണസാക്ഷരത, വിഭവഭൂപടനിർമ്മാണം, ഗ്രൂപ്പ് ഫാമിങ്, പുകയില്ലാത്ത അടുപ്പ് തുടങ്ങിയ ഒട്ടേറെ വികസനഇടപെടലുകളെക്കുറിച്ചും മറ്റു ചില മുൻകാല മാതൃകാവികസനപരീക്ഷണങ്ങളെക്കുറിച്ചുമുള്ള നീരീക്ഷണങ്ങളെ കൂടുതൽ വിശദമായി പഠിക്കാൻ ഫ്രാങ്കി സഹകരണം ആരാഞ്ഞു. കേരളത്തെക്കുറിച്ചു ഫ്രാങ്കി നടത്തിയിട്ടുള്ള മുൻകല പഠനങ്ങളുടെ പശ്ചാത്തലത്തിൽ എനിക്കും സന്തോഷകരമായ നിർദ്ദേശമായിരുന്ന് അത്.

1993-ലാണ് കേരളത്തിലെ വികസനപരീക്ഷണങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള ഒരു ഗ്രന്ഥത്തിന്റെ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങൾ പഠിക്കാൻ ശ്രമിച്ച കാര്യങ്ങളിൽ ഏറ്റവും ആവേശകരമായത് കേരള ദിനേശ് ബീഡി സഹകരണസംഘത്തിന്റെ പ്രവർത്തനം ആയിരുന്നു. ഞങ്ങളുടെ ഗ്രന്ഥത്തിൽ ഒരു അദ്ധ്യായം മാത്രമാക്കാൻ ഉദ്ദേശിച്ചിരുന്ന കേരള ദിനേശ് ബീഡിയെക്കുറിച്ചുള്ള ഭാഗം ഒരു പുസ്തകവലുപ്പത്തിലേക്കു വളർന്നു. ഇത് കോർണൽ സർവ്വകലാശാല 1998-ൽ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. അപ്പോഴേയ്ക്കും ജനകീയാസൂത്രണപ്രവർത്തനങ്ങളിൽ സമ്പൂർണ്ണമായി മുഴുകിക്കഴിഞ്ഞിരുന്ന എനിക്ക് ആദ്യം തുടങ്ങിവച്ച ഗ്രന്ഥത്തിലേക്കു തിരിച്ചുപോകാൻ കഴിയില്ലെന്നു വ്യക്തമായിരുന്നു. ആ സാഹചര്യത്തിൽ ഞങ്ങൾ എഴുതാൻ തുടങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കംതന്നെ മാറ്റി. കേരളത്തിലെ സമ്പന്നമായ ജനാധിപത്യവികസനപരീക്ഷണങ്ങളുടെയും വികസനരാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിൽ ജനകീയാസൂത്രണത്തെക്കുറിച്ചുള്ള ഒരു അനുഭവപഠനമായി അതു മാറി. ഇങ്ങനെയാണ് ‘People`s Planning - Kerala, Local Democracy & Development’ എന്ന ഗ്രന്ഥം എഴുതപ്പെട്ടത്.

ജനകീയാസൂത്രണം നടക്കുന്നവേളയിൽ രണ്ടുതവണ അദ്ദേഹവും ഭാര്യ ബാർബറ ചെസിനും കേരളം സന്ദർശിച്ചു. ഒട്ടേറെ പഞ്ചായത്തുകൾ അവർ സന്ദർശിക്കുകയും ഈ നൂതന പരിപാടിയെക്കുറിച്ചു പഠിക്കുകയും ചെയ്തു. 2000-ലെ ജനകീയാസൂത്രണത്തിന്റെ അന്താരാഷ്ട്രസെമിനാറിൽ അദ്ദേഹം പങ്കെടുത്തു. ബാർബറ ചെസിനും പങ്കെടുത്തിരുന്നു. അതിനുശേഷം മാരാരിക്കുളം വികസനസെമിനാറിൽ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നു. എന്നാൽ അതിനുശേഷം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടുപതിറ്റാണ്ടോളം കേരളസന്ദർശനം ഒഴിവാക്കേണ്ടിവന്നു. കോഴിക്കോട്ട് 2017-ൽ നടന്ന ഊരാളുങ്കൽ സഹകരണസംഘത്തിന്റെ സെമിനാറിൽ പങ്കെടുക്കാനാണ് അവസാനമായി ഫ്രാങ്കിയും ബാർബറയും കേരളത്തിൽ വന്നത്.

ഏറ്റവും വിചിത്രമായ കാര്യം ഒരു അടിസ്ഥാനവുമില്ലാതെ ഒരു പണ്ഡിതനെക്കുറിച്ച് ഏറ്റവും നീചമായ ആരോപണങ്ങളൊക്കെ ഉന്നയിച്ച മാദ്ധ്യമപ്രഭൃതികളിൽ ഒരാൾപോലും ഔപചാരികഖേദംപോലും പ്രകടിപ്പിക്കാൻ മുതിർന്നില്ല എന്നതാണ്. അത് അവരുടെ ‘സംസ്കാരൗന്നിത്യം’!

ആ പേരിൽ വിവാദമൊക്കെ ധാരാളം സൃഷ്ടിച്ചെങ്കിലും അദ്ദേഹത്തെ കണ്ടിട്ടുള്ളവരോ കേട്ടിട്ടുള്ളവരോ വളരെ കുറച്ചേ ഉണ്ടാകൂ. ഇതോടൊപ്പമുള്ള വീഡിയോയിൽ (https://youtu.be/vJng8Lf9mIk) ജനകീയാസൂത്രണത്തെക്കുറിച്ച് അദ്ദേഹം പങ്കെടുക്കുന്ന സംവാദം കേൾക്കാം. ദില്ലിയിലെ ലെഫ്റ്റ് വേർഡ് ബുക്സും ന്യുയോർക്കിലെ 1804 പുസ്തകശാലയും ചേർന്നാണ് ഈ സംവാദം സംഘടിപ്പിച്ചത്. ട്രൈ കോൺടിനന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സുബിൻ ഡെന്നീസായിരുന്നു മോഡറേറ്റർ.

വിഷയം റിച്ചാർഡ് ഫ്രാങ്കിയും ഞാനുംകൂടി എഴുതിയ ‘People`s Planning Kerala, Local Democracy & Development’ എന്ന ഗ്രന്ഥമാണ്. 2001-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ നാലോ അഞ്ചോ പതിപ്പുകൾ ഇന്ത്യയിൽത്തന്നെ ഉണ്ടായിട്ടുണ്ട്. കൂടാതെ സ്പാനിഷ്, പോർച്ചുഗീസ്, കാറ്റലൻ, അമേരിക്കൻ എഡിഷനുകളും ഇറങ്ങിയിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ 25-ാം വാർഷികവുമായി ബന്ധപ്പെട്ട് ഈ ഗ്രന്ഥത്തിന്റെ സമഗ്രമായി പരിഷ്കരിച്ച പുതിയ പതിപ്പും പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളതർജ്ജമ ‘ചിന്ത ബുക്സ്’ അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്നുണ്ട്.