Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. മൃദുൽ ഈപ്പൻ
ഡോ. മൃദുൽ ഈപ്പൻ

ഡോ. മൃദുൽ ഈപ്പൻ

ലഘു ജീവചരിത്രം (Biography)

1995-ൽ ബീജിങ്ങിൽ നടന്ന നാലാം ആഗോള വനിതാസമ്മേളനമാണ് സ്ത്രീനീതിക്കുവേണ്ടിയുള്ള ഒരു നയോപാധി എന്നനിലയിൽ ജൻഡർ ബജറ്റിങ്ങിന്റെ പ്രാധാന്യം അംഗീകരിച്ചത്. അതുകഴിഞ്ഞ് ഒരുവർഷം പിന്നിടുംമുമ്പ് കേരളത്തിലെ ജനകീയാസൂത്രണത്തിൽ ഈ നിർദ്ദേശം പ്രായോഗികമാക്കി. ജനകീയാസൂത്രണത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ സുപ്രധാനമായ രണ്ടെണ്ണം ഇതുസംബന്ധിച്ച് ആയിരുന്നു. ഏതു പ്രൊജക്ടായാലും അതിൽ നിർബ്ബന്ധമായും ആ പദ്ധതി എങ്ങനെയാണു സ്ത്രീകളെ ബാധിക്കുക എന്നതു വ്യക്തമാക്കണം. ജൻഡർ പ്രത്യാഘാത പ്രസ്താവന എന്നായിരുന്നു ഇതിന്റെ പേര്. അതിനുപുറമെ, പദ്ധതിയടങ്കലിന്റെ 10 ശതമാനം വനിതാഘടകപദ്ധതിക്കായി പ്രത്യേകം വകയിരുത്തണമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. ഒരു പ്രൊജക്റ്റ് വനിതാഘടകപദ്ധതിയിൽ ഉൾപ്പെടുത്തണമെങ്കിൽ സ്ത്രീകൾ പ്രത്യക്ഷ ഗുണഭോക്താക്കളായിരിക്കണം. അതോടൊപ്പം ആ പ്രൊജക്ടിന്റെ മാനേജ്മെന്റ് സ്ത്രീകളിൽ നിക്ഷിപ്തം ആയിരിക്കണം. അങ്ങനെ ഇന്ത്യാരാജ്യത്ത് ജൻഡർ ബജറ്റിങ്ങിനു തുടക്കംകുറിച്ചത് ജനകീയാസൂത്രണമായിരുന്നു.

ജനകീയാസൂത്രണത്തിലെ വനിതാഘടകപദ്ധതിയെക്കുറിച്ചു പഠിച്ച പണ്ഡിതരിൽ ഒരാളായിരുന്നു ഡോ. മൃദുൽ ഈപ്പൻ. അക്കാലത്ത് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷക ആയിരുന്നു. 2006-11, 2016-21 കാലയളവിൽ രണ്ടുതവണ മൃദുൽ ഈപ്പൻ ആസൂത്രണബോർഡ് അംഗമായി. ഈ രണ്ടുകാലയളവിലും സംസ്ഥാനസർക്കാരിന്റെ ജൻഡർ ബജറ്റ് രേഖ തയ്യാറാക്കിയത് മൃദുൽ ആയിരുന്നു. 2007-08-ലാണ് ഇനിമേൽ ബജറ്റ് രേഖകൾക്കൊപ്പം ജൻഡർ ബജറ്റ് രേഖയും നല്കുമെന്നു പ്രഖ്യാപിച്ചത്. ഇതിന്റെ കണക്കുസമ്പ്രദായവും രൂപരേഖയും തയ്യാറാക്കിയത് മൃദുൽ ഈപ്പൻ ആയിരുന്നു. സ്ത്രീകൾ 90 ശതമാനത്തിലേറെ ഗുണഭോക്താക്കളായ പ്രൊജക്ടുകൾ പാർട്ട് എ-യിലും അതിൽത്താഴെ സ്ത്രീകൾ ഗുണഭോക്താക്കളായ, പ്രത്യേകഘടകം നിർണ്ണയിക്കാൻ കഴിയുന്ന പ്രൊജക്ടുകൾ പാർട്ട് ബി-യിലും ആണ് ഉൾപ്പെടുത്തിയത്.

2008-09-ൽ വാർഷികപദ്ധതിയുടെ 5.5 ശതമാനം മാത്രമായിരുന്നു പാർട്ട് എ പ്രൊജക്ടുകൾ. ഇത് ജനകീയാസൂത്രണത്തിലെ വനിതാഘടകപദ്ധതിയുടെ 10 ശതമാനത്തിന്റെ പകുതിയേ വരൂ എന്നത് ധനമന്ത്രിയെന്നനിലയിൽ എനിക്കും ചമ്മലുണ്ടാക്കിയ കാര്യമായിരുന്നു. എന്നാൽ, 2010-11-ലെ ബജറ്റ് ആയപ്പോൾ ഇത് 8.5 ശതമാനമായി ഉയർന്നു.

യുഡിഎഫ് ഭരണകാലത്ത് ജൻഡർ ബജറ്റിങ് ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി 2017-18-ൽ ജൻഡർ ബജറ്റ് രേഖ തയ്യാറാക്കിയപ്പോൾ പാർട്ട് എ 4.5 ശതമാനമായി ഇടിഞ്ഞുകഴിഞ്ഞിരുന്നു. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ ഇതു തുടർച്ചയായി വർദ്ധിച്ചു. 2022-23-ലെ ബജറ്റിൽ 7.26 ശതമാനവും സ്ത്രീകൾക്കു വേണ്ടിയുള്ള പാർട്ട് എ പ്രൊജക്ടുകൾ ആയിരുന്നു. പാർട്ട് ബി പ്രൊജക്ടുകളുടെ കണക്കുകൂടി ചേർത്താൽ സ്ത്രീ പ്രൊജക്ടുകൾക്കായുള്ള പദ്ധതിച്ചെലവ് 20.9 ശതമാനം വരും.

ഒരുകാര്യം അവിതർക്കിതമാണ്. സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടിയുള്ള ചെലവുകൾ ഉയർത്താൻ ജൻഡർ ബജറ്റിങ് സഹായകരമാണ്. സുതാര്യമായ ഈ രേഖ നയകർത്താക്കളുടെമേൽ വലിയ സമ്മർദ്ദശക്തമായി വർത്തിക്കും. യുഡിഎഫ് ഭരണകാലത്തു സംഭവിച്ചത് ഇതിനു തെളിവാണ്. പക്ഷെ, ജൻഡർ ബജറ്റ് രേഖ ഉണ്ടായതുകൊണ്ട് ഓട്ടോമാറ്റിക്കായി സ്ത്രീകളുടെ വിഹിതമോ സ്കീമുകളുടെ ഗുണമേന്മയോ വർദ്ധിക്കണമെന്നില്ല. കേന്ദ്രസർക്കാരിന്റെ ജൻഡർ ബജറ്റിങ് ഇതിനു തെളിവാണ്. കഴിഞ്ഞ 16 വർഷത്തെ അനുഭവം എടുത്താൽ മൊത്തം ബജറ്റുചെലവിന്റെ 4.5 - 5.5 ശതമാനത്തിൽ സ്ത്രീകൾക്കുവേണ്ടിയുള്ള ചെലവുകൾ ഒതുങ്ങിനില്ക്കുന്നു. സമീപകാലത്തായി ഇതു തുടർച്ചയായി കുറഞ്ഞുവരികയുമാണ്. പ്രധാനപ്പെട്ട കാര്യം നയകർത്താക്കൾ എത്രമാത്രം പരിഗണന ഈ രേഖയ്ക്കു നല്കാൻ തയ്യാറാകുന്നു എന്നതാണ്. ഈ കാഴ്ചപ്പാടിൽ പരിശോധിക്കുമ്പോഴാണ് മൃദുൽ ഈപ്പനെപ്പോലെ ജൻഡർ ബജറ്റിങ്ങിനു ചുമതലപ്പെട്ടവർ എടുത്ത താൽപ്പര്യവും പ്രതിജ്ഞാബദ്ധതയും വെളിപ്പെടുക.

മൃദുൽ ഈപ്പൻ ദില്ലിയിലെ പഞ്ചാബികുടുംബത്തിലാണു ജനിച്ചത്. കുറച്ചുനാൾ മുത്തച്ഛനോടൊപ്പം അലഹബാദിൽ കഴിച്ചുകൂട്ടിയതൊഴിച്ചാൽ ദില്ലിയിൽ ആയിരുന്നു വിദ്യാഭ്യാസം. കോളെജ് വിദ്യാഭ്യാസം മിരാണ്ട ഹൗസിലും ദില്ലി സ്കൂൾ ഓഫ് ഇക്കണോമിക്സിലും (1962-64) ആയിരുന്നു. അത് ദില്ലി സ്കൂളിന്റെ സുവർണ്ണകാലം ആയിരുന്നു. അദ്ധ്യാപകരുടെ പേരു കേൾക്കൂ. കെ. എൻ. രാജ്, ജഗദീഷ് ഭഗവതി, പത്മ ദേശായി, അമർത്യ സെൻ, സുഖുമോയ് ചക്രബർത്തി, ഐ. ജി. പട്ടേൽ. കോളെജുകാലത്ത് ഒന്നാംതരം ഹോക്കി, ബാഡ്മിന്റൺ കളിക്കാരി ആയിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് 1968-ൽ ഫിക്കിയിൽ ഗവേഷകയായി ചേർന്നു.

ഇവിടെവച്ചാണ് ഡോ. ജേക്കബ്ബ് ഈപ്പനുമായി പരിചയപ്പെടുന്നത്. ഡോ. ജേക്കബ്ബ് ഈപ്പൻ 1967-ൽ കേരള സംസ്ഥാന ആസൂത്രണബോർഡിലെ അഡ്വൈസറായി കേരളത്തിലേക്കുവന്നു. ഏതാനും വർഷം കഴിഞ്ഞ് 1972-ൽ ഈപ്പനെ വിവാഹംകഴിച്ചു കേരളത്തിലേക്കു മൃദുൽ ജീവിതം പറിച്ചുനട്ടു. ഇവിടെ ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിന്റെ ബഹുമുഖമായ പ്രവർത്തനങ്ങളിൽ മുഴുകി.