Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / സി. പി. നാരായണൻ
സി. പി. നാരായണൻ

സി. പി. നാരായണൻ

ലഘു ജീവചരിത്രം (Biography)

തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസം നേടിയശേഷം 1960 ജൂലൈയിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളെജിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് സി. പി. നാരായണൻ കേരള ശാസ്ത്രസാഹിത്യപരിഷത്ത് രൂപവത്ക്കരിക്കുന്നതിൽ 1962-ൽ കെ. ജി. അടിയോടി, എൻ. വി. കൃഷ്ണവാരിയർ, പി. ടി. ഭാസ്കരപണിക്കർ മുതലായവരോടൊപ്പം പങ്കാളിയായത്. വിവിധ കോളെജദ്ധ്യാപകരും സുകുമാർ അഴീക്കോട്, തായാട്ട് ശങ്കരൻ എം. ടി. വാസുദേവൻ നായർ, പി. സി. കുട്ടിക്കൃഷ്ണൻ, തിക്കോടിയൻ തുടങ്ങി പറഞ്ഞാൻ തീരാത്തത്ര സാംസ്കാരികപ്രവർത്തകരും ഉണ്ടായിരുന്ന അന്നത്തെ കോഴിക്കോട് ഏതൊരു വ്യക്തിത്വത്തിന്റേയും ബഹുമുഖവളർച്ചയ്ക്കു യോജിച്ചതായിരുന്നു.

അങ്ങനെ വളർന്നതുകൊണ്ടാണ് കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1968-ൽ ആരംഭിച്ചപ്പോൾ അതിന്റെ ഡയറക്റ്ററായ എൻ. വി. കൃഷ്ണവാരിയർ അതിൽ ചേരാൻ സി. പി. നാരായണനെ ക്ഷണിച്ചത്. കോളെജ് അദ്ധ്യാപനരംഗത്ത് ഉണ്ടായിരുന്ന വിപുലമായ സൗഹൃദവലയത്തെ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പരിഷത്തിന്റെയും പ്രവർത്തനം വിപുലീകരിക്കുന്നതിൽ സഹായകമാക്കി. അതിനിടെ സിപിഐഎമ്മിൽ സജീവമായി. അങ്ങനെ ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് പ്രവർത്തനത്തിൽ ഡോ. മാത്യു കുര്യൻ, ഡോ. ജേക്കബ് ഈപ്പൻ, ഡോ. പി. കെ. ആർ. വാരിയർ, ഡോ. എം. പി. പരമേശ്വരൻ മുതലായവരോടൊപ്പം ഭാഗഭാക്കായി. 1970-കളുടെ ആദ്യപകുതിയിൽ സ്കൂളിന്റെയും രണ്ടാംപകുതിയിൽ പരിഷത്തിന്റെയും ആഭിമുഖ്യത്തിൽ നാനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

1978 അവസാനം കണ്ണൂരിൽ നടന്ന സിപിഐഎം സംസ്ഥാനസമ്മേളനത്തിൽ പാർടി സംസ്ഥാനക്കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1970 ആദ്യം ‘ചിന്ത’ വാരിക തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ പത്രാധിപസമിതിയംഗമായി. ഒരേസമയം നാലഞ്ചു വേദികളിലെ പ്രവർത്തനം പരസ്പരപൂരകമായതിനാൽ അധികഭാരമായല്ല, അനായാസമായാണു സിപിക്ക് അനുഭവപ്പെട്ടത്.

1978 മുതൽ സാക്ഷരതാപ്രവർത്തനത്തിൽ സജീവമായി. മുമ്പ് കോളെജിൽ പ്രവർത്തിക്കുമ്പോൾ ഈ ദിശയിൽ ചില നീക്കം ആരംഭിച്ചെങ്കിലും വിജയമായിരുന്നില്ല. 1978-ലെ പ്രവർത്തനം ശാസ്ത്രസാഹിത്യപരിഷത്തുമായി ബന്ധപ്പെട്ട് ആയിരുന്നു. ഗ്രാമീണമേഖലയിൽ ശാസ്ത്രപ്രചരണം തുടങ്ങിയപ്പോഴാണ് നിരക്ഷരത പ്രശ്നമായി അനുഭവപ്പെട്ടത്. അന്നു സി. ജി. ശാന്തകുമാറും സി. പി. നാരായണനും നേതൃത്വം നല്കിയ പ്രവർത്തനത്തിന്റെ ഒരുതരത്തിലുള്ള വിപുലമായ തുടർച്ചയായിരുന്നു പിന്നീടുണ്ടായ എറണാകുളം സാക്ഷരത.

1970-കളുടെ മദ്ധ്യത്തിൽ എം. പി. പരമേശ്വരന്റെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട ‘കേരളത്തിന്റെ സമ്പത്ത്’ എന്ന പുസ്തകത്തിലെയും പരിഷത്തിനുവേണ്ടി സി. പി. നാരായണൻ 1978-ൽ തയാറാക്കിയ ‘അദ്ധ്വാനം സമ്പത്ത്’ എന്ന ലഘുലേഖയിലെയും ആശയങ്ങൾ പരിഷത്തിന്റെ വികസനപ്രവർത്തനങ്ങളുടെ അടിത്തറ പാകിയെന്നു പറയുന്നതിൽ തെറ്റില്ല. 1980-കളിൽ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം അധികാരവികേന്ദ്രീകരണസങ്കൽപ്പങ്ങളിലേക്കു പരിഷത്തിനെ നയിച്ചു. 1990-കളിൽ ഇത്തരത്തിലുള്ള ഗ്രാമതലപരീക്ഷണങ്ങൾ കൂടുതൽ ശക്തമായി.

വിഭവഭൂപടനിർമ്മാണത്തിലും പിഎൽഡിപി പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച ആശയരൂപവത്ക്കരണത്തിലും സി. പി. നാരായണൻ സജീവമായിരുന്നു.

ജനകീയാസൂത്രണപ്രസ്ഥാനത്തിനു രൂപം നല്കാൻ തീരുമാനം എടുത്തശേഷം പരിഷത്തിലെ പ്രധാനപ്രവർത്തകരുമായി ഇതു പങ്കുവയ്ക്കാൻ സിപിയും ഞാനുംകൂടിയാണ് വടകരയിൽ പോയത്. അവിടെ പ്രധാന പരിഷത്‌പ്രവർത്തകരുടെ കുടിച്ചേരൽ ഉണ്ടായി. രാത്രിയാണ് അവിടെ എത്തിയത്. നേരം വെളുത്ത് തിരിച്ചുപോരുകയും ചെയ്തു. പിന്നീട് ജനകീയാസൂത്രണകാലത്തെ ഫാക്കൽറ്റി പരിശീലനങ്ങളടക്കം ആവശ്യമുള്ളിടത്തെല്ലാം അദ്ദേഹം എത്തി.

വികേന്ദ്രീകൃതാസൂത്രണത്തിലെ സി. പി. നാരായണന്റെ നേരിട്ടുള്ള തനതായ സംഭാവന വിഎസ്‌സർക്കാരിന്റെ കാലത്ത് പ്ലാനിങ് ബോർഡ് അംഗമെന്ന നിലയിൽ ആയിരുന്നു. സിപി പിന്നീട് വി‌എസ് മന്ത്രിസഭയുടെ കാലത്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും 2012-ൽ രാജ്യസഭാംഗവും ആയി.

ഏറ്റവും പ്രധാനപ്പെട്ട സംഭാവന ‘ഇഎംഎസ് പാർപ്പിടപദ്ധതി’യുടെ ആവിഷ്കാരമാണ്. ഇതിനു മുമ്പുതന്നെ തൃശ്ശൂർ കൊടകര മണ്ഡലത്തിൽ എംഎൽഎ ആയിരുന്ന പ്രൊഫ. സി. രവീന്ദ്രനാഥ് എല്ലാവർക്കും പാർപ്പിടം ഉറപ്പുവരുത്തുന്നതിൽ വിജയിച്ചിരുന്നു. തിരുവനന്തപുരത്തെ തണൽ, തൃശ്ശൂരിലെ കോസ്റ്റ്ഫോർഡിന്റെ പാർപ്പിട പദ്ധതി തുടങ്ങി ഒട്ടേറെ അനുഭവങ്ങൾ വേറെയും ഉണ്ടായിരുന്നു. ഇവയിൽനിന്നെല്ലാം പാഠങ്ങൾ ഉൾക്കൊണ്ടാണ് ‘ഇഎംഎസ് പാർപ്പിടപദ്ധതി’ ആവിഷ്കരിച്ചത്. സഹകരണബാങ്കുകളിൽനിന്നുള്ള വായ്പയെ ആശ്രയിച്ചു പരമാവധി വീടുകൾ നിർമ്മിക്കാനുള്ള സ്കീമായിരുന്നു അത്.

മറ്റൊരു പ്രധാനപ്പെട്ട ഇടപെടൽ കേരളത്തിലെ പട്ടികജാതി-പട്ടികവർഗ്ഗകുടുംബങ്ങളെക്കുറിച്ചുള്ള സൂക്ഷ്മതല സർവ്വേയാണ്. ഓരോ തദ്ദേശഭരണസ്ഥാപനത്തിലെയും വിവരങ്ങൾ പ്രത്യേകം പുസ്തകങ്ങളാക്കി ബന്ധപ്പെട്ടവർക്കു നല്കി. ബ്ലോക്ക്-ജില്ലാ-സംസ്ഥാനതലങ്ങളിൽ ഈ വിവരങ്ങൾ ക്രോഡീകരിച്ചു പുസ്തകങ്ങളാക്കി. എന്നാൽ ഭരണം മാറിയതോടെ ഇതിനു തുടർപ്രവർത്തനങ്ങൾ ഉണ്ടായില്ലെന്ന ദുഃഖവും പങ്കുവയ്ക്കട്ടെ.