Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / ഡോ. ആർ. അജയകുമാർ വർമ്മ
ഡോ. ആർ. അജയകുമാർ വർമ്മ

ഡോ. ആർ. അജയകുമാർ വർമ്മ

ലഘു ജീവചരിത്രം (Biography)

ജനകീയാസൂത്രണത്തിൽ ഏറ്റവും വലിയ കാമ്പയിൻ ഒന്നാംവാർഷികപദ്ധതി തയ്യാറാക്കാനുള്ള പരിശീലനവും ആസൂത്രണപ്രവർത്തനങ്ങളും ആയിരുന്നു. അതുകഴിഞ്ഞാൽ ഏറ്റവും വലിയ കാമ്പയിൻ നടന്നത് ജനകീയാസൂത്രണത്തിന്റെ അഞ്ചാം വർഷമാണ്. കേരളത്തിലെ മുഴുവൻ ചെറുനീർത്തടങ്ങളുടെയും രൂപരേഖ തയ്യാറാക്കാനും അതിന്റെ അടിസ്ഥാനത്തിൽ പ്രൊജക്ടുകൾക്കു രൂപം നല്കാനും ഉള്ളതായിരുന്നു. രൂപരേഖ തയ്യാറായി. എന്നാൽ സർക്കാർ മാറിയതുകൊണ്ട് അതുകഴിഞ്ഞുള്ള പ്രൊജക്ടുകൾ രൂപംകൊണ്ടില്ല.

നീർത്തടപരിപാടിയുടെ വലുപ്പമൊന്നു മനസ്സിലാക്കാൻ കുറച്ചു വസ്തുതകൾ പറയട്ടെ: ബ്ലോക്ക് അടിസ്ഥാനത്തിൽ 50-60 പേർക്ക് സെസ്, സിഡബ്ല്യുആർഡിഎം, കില, ഐആർറ്റിസി പോലുള്ള സ്ഥാപനങ്ങളിൽ നാലുദിവസത്തെ പരിശീലനം നല്കി. തുടർന്ന്, സന്നദ്ധപ്രവർത്തർക്ക് എല്ലാ ബ്ലോക്കിലും പരിശീലനം നടന്നു. മുഴുവൻ നീർത്തടങ്ങളും മാപ്പ് ചെയ്തു. ലഘുകുറിപ്പുകൾ തയ്യാറാക്കി. മാപ്പ് അടക്കം റിപ്പോർട്ട് അച്ചടിച്ചു. നീർത്തടഗ്രാമസഭകൾ വിളിച്ചുചേർത്തു. വിഷയഗ്രൂപ്പുകൾക്കുപകരം നീർത്തടാടിസ്ഥാനത്തിലാണു ചർച്ചാഗ്രൂപ്പുകൾ ചേർന്നത്. ഈ നീർത്തടഗ്രാമസഭകളിൽ 15 ലക്ഷം ആളുകൾ പങ്കെടുത്തു.

ഈ പരിപാടിക്ക് ആസൂത്രണബോർഡിലെ ഒരു ചെറുഗ്രൂപ്പ് സാങ്കേതികവിദഗ്ദ്ധരാണു നേതൃത്വം നല്കിയത്. ഇതിൽ പ്രമുഖരിൽ ഒരാൾ ഡോ. ആർ. അജയകുമാർ വർമ്മ ആയിരുന്നു. നീർത്തടപരിശീലനങ്ങളിലെ എല്ലാ കേന്ദ്രങ്ങളെയും വർമ്മ സന്ദർശിക്കുകയുണ്ടായി. വർമ്മ ഭൗമശാസ്ത്രപഠനകേന്ദ്ര(CESS)ത്തിലെ പരിസ്ഥിതി – പ്രകൃതിവിഭവ ഡിപ്പാർട്ട്മെന്റിലെ ശാസ്ത്രജ്ഞൻ ആയിരുന്നു. ശരിക്കും അദ്ദേഹം ഒരു ജിയോ ഫിസിസിസ്റ്റ് ആയിരുന്നു. എന്നാൽ അധികം താമസിയാതെ പ്രകൃതിവിഭവപരിപാലനത്തിൽ പാണ്ഡിത്യവും ജനകീയപ്രവർത്തനശൈലിയും നേടി. 201 പണ്ഡിതപ്രസിദ്ധീകരണങ്ങളുണ്ട്. ഇവയിൽ പത്തു പുസ്തകങ്ങളും 77 ഗവേഷണപ്രബന്ധങ്ങളും ഉൾപ്പെടും.

ജനകീയശാസ്ത്രജ്ഞന്റെ പരിവർത്തനത്തിനു തുടക്കം കുറിച്ചത് ഉള്ളൂർ പഞ്ചായത്തിൽ വിഭവഭൂപടപരീക്ഷണത്തിനു സുബ്രതോ സിൻഹയുടെ അസിസ്റ്റന്റ് ആയാണ്. തുടർന്ന് പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള വിഭവഭൂപടനിർമ്മാണത്തിൽ സെസ്സിലെ ടീമിൽ അംഗമായി. കല്യാശ്ശേരിറിപ്പോർട്ട് തയ്യാറാക്കുന്നതിൽ പങ്കാളിയായി. വളരെ സ്വാഭാവികമായി ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടു. സെല്ലിൽ അംഗമായിരുന്നില്ലെങ്കിലും പ്രായോഗികമായി സെല്ലുമായി ബന്ധപ്പെട്ട് ഭൂ-ജലവിഭവമേഖലയിൽ പ്രവർത്തിച്ചു. തുടക്കത്തിൽപ്പറഞ്ഞ ബ്ലോക്ക് നീർത്തടമാസ്റ്റർപ്ലാനുകൾ തയ്യാറാക്കുന്നതിന്റെ കൺവീനർ ആയിരുന്നു. ഇതോടുബന്ധപ്പെട്ട് രണ്ടു കൈപ്പുസ്തകങ്ങളും തയ്യാറാക്കി.

1993-1997 കാലത്ത് ഭാരത് വിജ്ഞാൻ സമിതിയിൽ ബീഹാർ, പശ്ചിമബംഗാൾ, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ വിഭവഭൂപടാസൂത്രണ പരിപാടിക്കുവേണ്ടി പ്രവർത്തിച്ചു. ഈ സംസ്ഥാനങ്ങളിലെ സാക്ഷരതാപ്രവർത്തകരാണ് ഈ കാമ്പയിനുകളിൽ പങ്കെടുത്തത്. ഈ അനുഭവങ്ങൾ രണ്ടു പുസ്തകങ്ങളിൽ ക്രോഡീകരിച്ചിട്ടുണ്ട്: ‘ഭൂസാക്ഷരതയ്ക്ക് ഒരു കൈപ്പുസ്തകം’, ‘നീർത്തടാധിഷ്ഠിതവികസനം - ഒരു സോഴ്സ് ബുക്ക്’.

2004-ൽ മലിനീകരണനിയന്ത്രണബോർഡിലെ ഒരു ടീമുമായി ചേർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ ശുചിത്വപരിപാടിക്കു വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി. ഇതിന്റെ തുടർച്ചയായി 2004-05 കാലത്ത് ക്ലീൻ കേരള മിഷൻ ഡയറക്റ്ററായി. 2008-11, 2018-19 കാലയലളവിൽ ശുചിത്വമിഷൻ ഡയറക്റ്ററായും പ്രവർത്തിച്ചു. ഹരിതകേരളം മിഷന്റെ ടെക്‌നിക്കൽ അഡ്വൈസറായും പ്രവർത്തിച്ചു. ശുചിത്വപരിപാടിയിൽ ഇന്ന് അജയകുമാർ വർമ്മ ദേശീയാംഗീകാരമുള്ള വിദഗ്ദ്ധനാണ്.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ്, കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി, സയൻസ്, ടെക്നോളജി, എൻവയൺമെന്റ് ഡിപ്പാർട്ട്മെന്റ് എന്നിവയുമായെല്ലാം ബന്ധപ്പെട്ട ചുമതലകൾ വഹിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ, ലോകബാങ്ക്, യുഎൻഇപി, യുഎൻഡിപി എന്നിവയുടെ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്.

2008-ലെ ജലവിഭവനയവും 2009-ലെ പരിസ്ഥിതിനയവും രൂപവത്ക്കരിക്കുന്നതിൽ പങ്കാളിയായി. നാഷണൽ സാനിട്ടേഷൻ മിഷന്റെ ഒരു കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. ഇന്നും ഇത്തരത്തിലുള്ള സമിതികളുമായെല്ലാം ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. സ്വച്ഛ്ഭാരത് മിഷന്റെ ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് മെമ്പറാണ്. ഐആർറ്റിസി ഉപദേശകസമിതിയുടെ അദ്ധ്യക്ഷനാണ്.

ഈ നിലകളിലെല്ലാം തിരക്കുകൾക്കു കുറവില്ലെങ്കിലും ഏതെങ്കിലും പഞ്ചായത്തിലോ ജില്ലയിലോ ഭൂവിനിയോഗമോ ശുചിത്വമോ നീർത്തടമോ ആയി ബന്ധപ്പെട്ട് എന്തുസഹായം വേണമെങ്കിലും വിളിച്ചാൽ സമയം കണ്ടെത്തുമെന്ന് ഉറപ്പുള്ള ഒരു വിദഗ്ദ്ധനാണ് അജയവർമ്മ. ഇത് എഴുതുന്നതിന്റെ മുൻ‌മാസം മെഴുവേലിയിലെ പുഴ നടത്തത്തിന് ഒരു ദിവസം മുഴുവൻ കൂടെയുണ്ടായിരുന്നു.