Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

ഹോം / പങ്കാളിത്തം (Persons) / പ്രൊഫ. എ. ആർ. വേലായുധൻപിള്ള
പ്രൊഫ. എ. ആർ. വേലായുധൻപിള്ള

പ്രൊഫ. എ. ആർ. വേലായുധൻപിള്ള

ലഘു ജീവചരിത്രം (Biography)

എആർവി എന്നു ഞങ്ങളെല്ലാവരും വിളിച്ചിരുന്ന പ്രൊഫ. എ. ആർ. വേലായുധൻപിള്ളയെ മറ്റു സുഹൃത്തുക്കളും വീട്ടുകാരും വിളിച്ചിരുന്നത് ജ്യോതി എന്നാണ്. ജനകീയാസൂത്രണസെല്ലിലെ മുൻ ട്രഷറി ഡയറക്റ്റർ സുകുമാരൻ നായർ കഴിഞ്ഞാൽ ഏറ്റവും പ്രായംചെന്ന ആളായിരുന്നു എആർവി. സെല്ലിലെ കൺസൾട്ടന്റുമാരുടെ കൂട്ടത്തിൽ വേഷംകൊണ്ടും ആകാരത്തിലെ സവിശേഷതകൊണ്ടും വ്യത്യസ്തനായിരുന്നു എആർവി.

പ്രായഭേദമോ ഔദ്യോഗികൗന്നത്യമോ പ്രകടിപ്പിക്കാതെ എല്ലാർക്കുമൊപ്പം എപ്പോഴും സജീവമായിരുന്ന സാന്നിദ്ധ്യം. കറുത്ത പ്രീമിയർ പത്മിനി സ്വയം ഓടിച്ച് സഫാരി സ്യൂട്ടണിഞ്ഞ് എത്തിയിരുന്ന എആർവി. ഉച്ചഭക്ഷണവുമായാണു വീട്ടിൽനിന്നു വരിക. മറ്റുള്ളവർക്കു കൊടുക്കാൻ കുറച്ചു കൂടുതൽ കറിയും കരുതിയിരിക്കും. സീനിയർ ടൗൺപ്ലാനർ ആയിരുന്ന ഭാര്യ രാധാമണിയും ഓഫീസ് കഴിഞ്ഞു പ്ലാനിങ് ബോർഡിൽ വരും. പിന്നെ രാത്രി 8-9 മണിവരെ കുടുംബം ആസൂത്രണസെല്ലിൽ ആയിരിക്കും.

62-ൽ സിവിൽ എൻജിനീയറിങ് ഡിഗ്രിയെടുത്ത എആർവി പിന്നീട് എൻജിനീയറിങ് എംഎസ്‌സിയും എടുത്തു. പിന്നെ എന്തുകാരണം കൊണ്ടെന്ന് അറിയില്ല, എൽഎൽബി ഡിഗ്രിയും എടുത്തു.

ഡിഗ്രി എടുത്തയുടൻ പിഡബ്ല്യുഡി എൻജിനീയറായി. അധികം താമസിയാതെ വൈദ്യുതിബോർഡിൽ എൻജിനീയറായി. പിന്നീട് അദ്ധ്യാപകജോലിയിലേക്കു തിരിഞ്ഞു. ഒരു ദശാബ്ദക്കാലം ഗവ. എൻജിനീയറിങ് കോളെജിൽ ലക്ചറർ ആയിരുന്നു. 70-കളുടെ മദ്ധ്യത്തിൽ ലാവണം ഡയറക്റ്ററേറ്റ് ഓഫ് ടെക്‌നിക്കൽ എഡ്യുക്കേഷനിലേക്കു മാറി. ട്രെയിനിങ് ഓഫീസറായി. അവിടെനിന്ന് ഇടുക്കിജില്ലാ പ്ലാനിങ് ഓഫീസറായി. പ്ലാനിങ് ബോർഡിൽ പ്രൊജക്റ്റ് ഇവാല്യുവേഷൻ ഡിവിഷനിൽ ചേർന്നു. എന്നാൽ അധികം താമസിയാതെ പട്ടികജാതിവികസനവകുപ്പിൽ ചീഫ് പ്ലാനിങ് ഓഫീസറായി. 90-കളിൽ വീണ്ടും പഠിപ്പിക്കാൻ എൻജിനീയറിങ് കോളെജിലേക്ക്, പ്രൊഫസറായി. 96-ൽ അനർട്ടിന്റെ ഡയറക്റ്ററായി റിട്ടയർ ചെയ്തു. അവിടെനിന്നാണ് 1997-ൽ ജനകീയാസൂത്രണസെല്ലിലേക്കു വന്നത്.

ജനകീയാസൂത്രണസെല്ലിൽ അദ്ദേഹം ഏറ്റെടുത്ത ചുമതലകൾ അദ്ദേഹത്തിന്റെ വൈവിദ്ധ്യമാർന്ന തൊഴിൽപരിചയത്തോടു ബന്ധപ്പെട്ടവ ആയിരുന്നു. നിർവ്വഹണപരിശീലനത്തിലാണ് എആർവി സജീവമായത്. എൻജിനീയറിങ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിലാണു കേന്ദ്രീകരിച്ചത്. അതോടൊപ്പം പട്ടികജാതി-പട്ടികവർഗ്ഗവികസനകൈപ്പുസ്തകങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കുന്നതിലും അവലോകനപരിശീലനത്തിലും ഏറ്റവും സജീവമായിരുന്നു.

എആർവിയുടെ മറ്റൊരു പ്രധാന പ്രവർത്തനമേഖല വിറ്റിസിയുമായി ബന്ധപ്പെട്ട് ആയിരുന്നു. വളരെ മുതിർന്ന വിദഗ്ദ്ധരോടു സംവദിക്കാനും ജനകീയാസൂത്രണപ്രവർത്തനങ്ങളുടെ സ്പിരിറ്റ് പകർന്നുനല്കാനും കേരളത്തിൽ അങ്ങോളമിങ്ങോളം പ്രൊഫ. എംകെപിയും പ്രൊഫ. എആർവിയും സഞ്ചരിച്ചു. വിദഗ്ദ്ധസമിതിയംഗങ്ങളുടെ പരിശീലനത്തിനു ചുക്കാൻ പിടിച്ചത് അവരായിരുന്നു.

പൊതുമരാമത്തുപ്രവൃത്തികളുടെ എസ്റ്റിമേറ്റ് അംഗീകരിക്കൽ, മെഷർമെന്റ്, ചെക്ക് മെഷർമെന്റ്, ബില്ല് പാസ്സാക്കിനല്കൽ എന്നിവയെക്കുറിച്ചൊക്കെ ഒട്ടേറെ തർക്കങ്ങളുണ്ടായി. ചില സ്ഥലങ്ങളിലെല്ലാം അഴിമതിയാരോപണങ്ങളും വന്നു. ഇവയെല്ലാം പരിശോധിച്ചു തീർപ്പുകല്പിക്കാൻ ഒരു ടെക്‌നിക്കൽ ഓഡിറ്റ് കമ്മിറ്റിക്കു രൂപംനല്കി. അതിന്റെ ചെയർപേഴ്സൺ എആർവി ആയിരുന്നു. പി. സി. ബാലനും അതിൽ അംഗമായിരുന്നു. ചെറിയ പണിയല്ല ഈ കമ്മിറ്റി ചെയ്തുതീർത്തത്. കോൺട്രാക്ടർമാർ ഗുണഭോക്തൃസമിതികൾക്കെതിരെ കുരിശുയുദ്ധത്തിൽ ആയിരുന്നു. ചില ഉദ്യോഗസ്ഥരും അവരോടൊപ്പം ചേർന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്തരത്തിലുള്ള തർക്കങ്ങളിൽ ഇടപെട്ടു കുരുക്കുകൾ അഴിക്കുകയായിരുന്നു ടെക്‌നിക്കൽ ഓഡിറ്റ് കമ്മിറ്റിയുടെ ചുമതല. വളരെ സ്തുത്യർഹമായി അവർ ഈ ചുമതല നിർവ്വഹിച്ചു.

ജനകീയാസൂത്രണത്തിനുശേഷം എആർവി അദ്ധ്യാപനത്തിലേക്കു വീണ്ടും തിരിഞ്ഞു. കിടങ്ങൂർ എൻജിനീയറിങ് കോളെജിന്റെയും തിരുവനന്തപുരം എംജി കോളെജ് ഓഫ് എൻജിനീയറിങ്ങിന്റെയും പ്രിൻസിപ്പലായി. കുറ്റിപ്പുറം എംഇഎസ് കോളെജിൽ പ്രൊഫസറായി. കേരളാ സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയുടെ സ്റ്റേറ്റ് ക്വാളിറ്റി കോർഡിനേറ്ററായും പ്രവർത്തിച്ചു.

25-ാം വാർഷികം ആഘോഷിക്കാൻ പ്രൊഫ. എ. ആർ. വേലായുധൻപിള്ള നമ്മോടൊപ്പം ഇല്ലെന്നതു ദുഃഖകരമാണ്. പക്ഷെ, എല്ലാവരുടെയും ഓർമ്മകളിൽ എആർവി ഉണ്ടാവും.