Logo

ജനകീയാസൂത്രണം

കേരളം ഇന്നലെ, ഇന്ന്, നാളെ

വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം

Back to Articles
ജനകീയാസൂത്രണപ്രസ്ഥാനം

എങ്ങനെയാണ് ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തിൽ രൂപപ്പെട്ടത്?

Published on August 10, 2026

1996-ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ആദ്യ തീരുമാനങ്ങളിലൊന്ന് ഒമ്പതാം പഞ്ചവത്സരപദ്ധതിക്കാലത്ത് പദ്ധതി അടങ്കലിന്‍റെ 30 മുതല്‍ 40 ശതമാനം വരെ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കും പരിപാടികള്‍ക്കുമായി വകയിരുത്തുക എന്നതായിരുന്നു. അങ്ങനെയാണ് 1997-98 ല്‍ 1025 കോടി രൂപയും 1998-99-ല്‍ 1178 കോടി രൂപയും  പദ്ധതി വിഹിതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചത്. 1996-97 ന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംസ്ഥാന വാര്‍ഷിക പദ്ധതിവിഹിതം ഏകദേശം 20 കോടി രൂപ മാത്രമായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് പദ്ധതികള്‍ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിന് ഒരു വലിയ ജനകീയ മുന്നേറ്റം വേണ്ടിയിരുന്നു.

പങ്കാളിത്തത്തിലും നിര്‍വ്വഹണരീതിയിലും നിര്‍ദ്ദിഷ്ട കാമ്പയിന്‍ 1990-91 ലെ സമ്പൂര്‍ണ സാക്ഷരതായജ്ഞത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. എന്നാല്‍ പ്രാദേശികാവശ്യങ്ങള്‍ക്കുതകുന്ന വികസന പദ്ധതികള്‍ തയ്യാറാക്കുക എന്നത് എഴുത്തും വായനയും പഠിപ്പിക്കുന്നതിനേക്കാള്‍ സങ്കീര്‍ണ്ണമായിരുന്നു. 

സാക്ഷരതായജ്ഞത്തില്‍ പഠിതാവും അധ്യാപകനും തമ്മിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെങ്കില്‍ ഒട്ടനേകംപേര്‍ പങ്കാളികളാകുന്ന സങ്കീര്‍ണമായ ഒരു സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയായിരുന്നു ഈ പുതിയ കാമ്പയിനില്‍ സാധ്യമാകേണ്ടിയിരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരുന്നു അതിലെ മുഖ്യഘടകം. ഈ ജനപ്രതിനിധികളാകട്ടെ കേരളത്തിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ കൂടിയായിരുന്നു.

ഭാവിയില്‍ സംസ്ഥാനതല നിര്‍വ്വഹണം ആവശ്യമുള്ള പദ്ധതികള്‍ക്കുള്ള പണം മാത്രം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യംചെയ്യുന്ന നില ഉണ്ടാവുക എന്നതായിരുന്നു പുതിയ സമീപനം. പല വകുപ്പുകളുടേയും ബഡ്ജറ്റ് വിഹിതം വെട്ടിക്കുറയ്ക്കപ്പെടും. അധികം വൈകാതെ ഉദ്യോഗസ്ഥരെ പ്രാദേശിക സര്‍ക്കാരുകളിലേക്ക് പുനര്‍വിന്യസിക്കുന്ന വലിയ ഒരു ഭരണപരിഷ്കാര പ്രക്രിയയും നടപ്പാക്കേണ്ടിവരും.

ഉദ്യോഗസ്ഥ സംവിധാനത്തിലെ അഴിച്ചുപണി, നടപടിക്രമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തിയെടുക്കല്‍, പരിശീലനങ്ങള്‍ നല്‍കല്‍ എന്നിവയും മറ്റ് ഭരണപരിഷ്കാര നടപടികളും സാധ്യമായി വരാന്‍ കുറേ സമയമെടുക്കും. സാമാന്യയുക്തി അനുസരിച്ച് ചിന്തിച്ചാല്‍ ഇവയെല്ലാം പൂര്‍ത്തിയാക്കുന്നതിനുള്ള സാവകാശം എടുത്ത് വികേന്ദ്രീകൃതാസൂത്രണം എന്ന അജണ്ട പത്താം പഞ്ചവത്സര പദ്ധതിക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് സംഭവിക്കേണ്ടിയിരുന്നത്. എന്നാല്‍ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും വിദഗ്ധരേയും, ജനങ്ങളേയുമെല്ലാം ഒരുമിച്ച് കൂട്ടിയിണക്കി ഒരു കാമ്പയിനിലൂടെ ഒമ്പതാം പദ്ധതിക്കാലത്തുതന്നെ പ്രാദേശിക പദ്ധതി ആസൂത്രണം സാധ്യമാക്കുക എന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. പ്രവചിക്കാനാവാത്ത വിധത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഒരു പ്രവര്‍ത്തനത്തിനായി ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കുകയെന്ന തരത്തിലുള്ള സാഹസികമായ ഒരിടപെടലായിട്ടാണ് പലരും അതിനെ കണ്ടത്.

എന്താണ് ജനകീയ ക്യാമ്പയിൻ

ജനകീയ പ്രസ്ഥാനം - മുൻ മാതൃക: സമ്പൂർണ സാക്ഷരതാ പ്രസ്ഥാനം

പ്രാദേശിക ആസൂത്രണം - മുൻ മാതൃക: കല്യാശേരി

ഗ്രാമസഭകളുടെ രൂപീകരണം

കേരളത്തിൽ ഗ്രാമസഭകളുടെ പ്രത്യേകതകൾ

ഉന്നതാധികാര മാർഗ നിർദേശക സമിതി

ദ്വിതീയ വിവരശേഖരണ പ്രവര്‍ത്തനത്തിന് തുടക്കം

വികസന സെമിനാറുകൾ